തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഫലപ്രദമായ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതുവരെ അത്തരമൊരു സഹായം നല്‍കുന്ന നില കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യര്‍ത്ഥിച്ചത്. ഈ വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാന്‍സ് ആയി ഇപ്പോള്‍ അനുവദിച്ചതായാണ് ഒക്ടോബര്‍ ഒന്നിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താകുറിപ്പില്‍ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടര്‍ന്നും സംസ്ഥാനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് ഇത് നല്‍കുക. മേപ്പാടി ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനാണ് മന്ത്രിസഭായോഗം കണ്ടിട്ടുള്ളത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ അഡ്വക്കേറ്റ് ജനറലിന്‍റെ അടക്കം വിദഗ്‌ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിന്റെയൊക്കെ ഭാഗമായി ഇപ്പോള്‍ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. അങ്ങനയാകുമ്പോള്‍ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി. വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇതോടൊപ്പം ഷിരൂരില്‍ മണ്ണിടിച്ചലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Also Read: 'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി