ഇടുക്കി: വയനാട് ദുരന്തത്തിൻ്റെ നടുക്കത്തിലാണ് കേരളക്കര. നാടെങ്ങും ദുഃഖം അലയടിക്കുമ്പോഴും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ നേരിയ ആശ്വാസത്തിലാണ് രാമക്കൽമേട്ടിലെ ഒരു കുടുംബം. രക്ഷാപ്രവർത്തകർ ദുരന്തമുഖത്തു നിന്നും രക്ഷിച്ച ഇടുക്കി സ്വദേശികളുടെ കുടുംബമാണ് ആശ്വാസം പങ്കുവെക്കുന്നത്.
രാമക്കൽമേട് കോമ്പമുക്കിലെ ഈ കുടുംബത്തിന് ദുരന്തവാർത്തകൾ പുറത്ത് വന്ന നിമിഷം മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മകളും ഭർത്താവും കൊച്ചുമകനും അടങ്ങുന്ന കുടുംബം വർഷങ്ങളായി മുണ്ടക്കൈയിലെ വനറാണി എസ്റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. മകളുടെ ഭർത്താവായ കാരിക്കാമറ്റത്തിൽ സുധീഷ് 10 വർഷം മുമ്പാണ് ഈ എസ്റ്റേറ്റിൽ ജോലിക്കായി എത്തിയത്.
തുടർന്ന് കല്യാണശേഷം ഭാര്യ അഖിലയെയും മകൻ ആരവിനെയും വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ ദിവസം പാതിരാത്രിയോടുകൂടിയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉടൻതന്നെ അടുത്തുള്ള എസ്റ്റേറ്റ് കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. അപ്പോൾ തന്നെ ഇടുക്കിയിലേക്ക് വിളിച്ച് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ ബന്ധം പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു.
ഇതോടുകൂടി വീട്ടുകാർ ഭീതിയിലുമായി. ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടത്. ഇതോടുകൂടിയാണ് കുടുംബത്തിന് ശ്വാസം നേരെ വീണത്. തുടർന്ന് സുധീഷും കുടുംബവും ഇടുക്കിയിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടു.
മുമ്പ് പലതവണ രാമക്കൽമേട്ടിൽ എത്തിയിട്ടുള്ള സുധീഷിൻ്റെ കൂടെ ജോലി ചെയ്‌തിരുന്നവരെയടക്കം കാണാതായ നടുക്കത്തിലാണ് ഇപ്പോഴും ഈ കുടുംബം. ദുരന്തമുഖത്ത് നിന്നും ഒരു പോറൽ പോലുമേൽക്കാതെ മകളുടെ കുടുംബം തിരിച്ചെത്തിയെങ്കിലും കിലോമീറ്ററുകൾക്കിപ്പുറമുളള ഇടുക്കിയിലെ ഈ വീട്ടിൽ ദുരന്തത്തിൻ്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.