വയനാട്: ഇനി നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ അയൽക്കാരില്ല, ഒരു വർഷം മുമ്പ് പുതിയതായി പണി കഴിപ്പിച്ച വീടില്ല. പക്ഷെ തന്‍റെയും മക്കളുടെയും ജീവൻ തിരിച്ചു കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് മുണ്ടക്കൈ പുഞ്ചിരിമൊട്ടയിൽ താമസിച്ചിരുന്ന കാർത്യായനി. മഴ തിമിർത്ത് പെയ്‌തപ്പോൾ മകളുടെ വീട്ടിലേക്ക് പോകാൻ തോന്നിയതാണ് ഇവരുടെ ജീവൻ കാത്തത്.
കാർത്യായനിയുടെ അടക്കം ഇവിടെയുള്ള 10 വീടുകൾ പൂർണമായും തകർന്നു. ആ വീടുകളിലെ ആരും ഇന്നു ജീവിച്ചിരിപ്പില്ല. 12 വയസുള്ള മകനെയും വീട്ടിൽ എത്തിയ പേരകുട്ടിയേയും എടുത്താണ് ദുരന്തം നടക്കുന്നതിന്‍റെ തലേദിവസം കാർത്യായനി മകളുടെ വീട്ടിലേക്ക് പോയത്.
ദുരന്ത വാർത്ത കേട്ട് ഞെട്ടിപ്പോയെന്നും അയൽവാസികളെ ബന്ധപ്പെടാൻ ശ്രമിച്ചെന്നും കിട്ടിയില്ലെന്നും ഇവർ പറഞ്ഞു. ഇനി ഇവർക്ക് ആകെയുള്ള സമ്പാദ്യം കവറിൽ ഉള്ള പഴയ തുണികൾ മാത്രമാണ്.