വയനാട് : വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ തുടങ്ങി. നാട്ടുകാരുൾപ്പെടെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ദുരന്ത മേഖലയെ ആറായി തിരിച്ചാണ് തെരച്ചിൽ.
ദുരിത ബാധിതര്‍ തെരച്ചിലിന്‍റെ ഭാഗമാകില്ല. ദുരിതബാധിതര്‍ നേരിട്ട് തെരയുന്നതല്ല രീതി. രക്ഷാരീതി അവരെ ബോധ്യപ്പെടുത്തുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐജി സേതുരാമന്‍ പറഞ്ഞു. ഇവരുടെ സംശയങ്ങള്‍ ഇല്ലാതാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ജനകീയ തെരച്ചിലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ചൂണ്ടിക്കാട്ടുന്ന ഇടങ്ങളില്‍ തെരച്ചില്‍ നടത്തും. തെരച്ചില്‍ അവസാനിപ്പിക്കില്ല. പ്രധാനമന്ത്രി വന്ന് മടങ്ങിയാലും ദൗത്യം തുടരും.
അതേസമയം, തെരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‌ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ താത്‌കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്‌കൂളുകൾ വേഗത്തിൽ പ്രവർത്തനസജമാക്കും. സ്‌കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് അധികൃതർ അറിയിച്ചു. കലക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണികളെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സംസ്‌കരിക്കേണ്ടി വന്നു. അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയും ചിരഞ്ജീവിയും മകൻ രാം ചരണും ഒരുകോടിയും നല്‍കി. എ കെ ആന്‍റണി അരലക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നല്‍കിയെന്നും പിണറായി വിജയൻ പറഞ്ഞു.
ഇതിനിടെ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി 'മൊയ് വിരുന്ന്' ഒരുക്കി ഡിണ്ടിഗലിലെ ഒരു റസ്റ്റോറന്‍റ്. ഇന്നലെ (ഓഗസ്റ്റ് 7) രാത്രി 8 മണിയോടെയാണ് ഡിണ്ടിഗലിലെ റസ്റ്റോറന്‍റിൽ അത്യാഡംബര വിരുന്ന് നടന്നത്. പലഹാരത്തിൽ തുടങ്ങി ചിക്കൻ ബിരിയാണി, ചിക്കൻ 65, പൊറോട്ട, നെയ്‌ച്ചോറ്, ഉള്ളി റൈത്ത, പായസം എന്നിവയടക്കം വിഭവ സമൃദ്ധമായിരുന്നു വിരുന്ന്. വന്നവർ 'മതി, മതി' എന്ന് പറയുന്നവരെ ഉടമ മുജീബ് ഭക്ഷണം വിളമ്പി. വിരുന്നില്‍ വയറും മനസും നിറഞ്ഞവര്‍ ഇലയുടെ അടിയിൽ തങ്ങളാൽ കഴിയുന്ന പണം വച്ച് മടങ്ങി.
വിചാരിച്ചിരുന്നെങ്കിൽ 50,000 രൂപയോ ഒരു ലക്ഷം രൂപയോ വയനാട്ടുകാർക്കായി നൽകാമായിരുന്നു. എന്നാൽ പൊതുജനങ്ങളെക്കൂടെ സംഭാവനയുടെ ഭാഗമാക്കണമെന്ന് കരുതിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഡിണ്ടിഗലിൽ റസ്റ്റോറന്‍റ് നടത്തുന്ന മുജീബ് പറയുന്നു. ഈ ഫണ്ട് വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകുമെന്ന് മുജീബ് പറഞ്ഞു.