വയനാട് : ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തി വനത്തിലും പുഴയിലും കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ പാടുപെട്ട് പ്രദേശവാസികള്‍. ഉടുത്തിരുന്ന മുണ്ടില്‍ക്കെട്ടിയാണ് മൃതദേഹങ്ങള്‍ പുറത്ത് എത്തിക്കാനായത്. ദുരന്തം നടന്നതു മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതു വരെ തെരച്ചില്‍ നടത്തിയത് പ്രദേശവാസികളാണ്.
കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, പരിചയക്കാര്‍ എന്നിവരെ തേടി പലയിടത്തേക്കും ഇവര്‍ ഓടിയെത്തി. മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് കാണാതായവരെ തെരഞ്ഞ് കാട്ടിലേക്ക് പ്രദേശവാസികള്‍ പോയത്. അതിനാല്‍ കണ്ടെത്തിയ മൃതദേഹം കൊണ്ടുവരാന്‍ മാര്‍ഗമില്ലാതെ വന്നു.
തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്ന നാട്ടുകാര്‍ ഉടുത്തിരുന്ന മുണ്ടഴിച്ച്, അതിലാണ് 16 മൃതദേഹങ്ങള്‍ ചുമന്നത്. പുഴയില്‍ ഒഴുക്കു കൂടുതലായതിനാല്‍ മറുകരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റാനാകാത്ത സ്ഥിതിയുണ്ടായി. ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് സിലിണ്ടറുകളും മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തെരച്ചിലില്‍ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്.
ചാലിയാറിലേക്ക് മലവെള്ളം കുത്തിയൊഴുകി വന്നതോടെ കാട്ടിനുള്ളില്‍ ചില തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അവിടെ കൂടുതല്‍ മൃതദേഹങ്ങളുള്ളതായി തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാനശല്യം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സമയം കാട്ടില്‍ നില്‍ക്കാനാകാത്തതും തെരച്ചിലിന് വെല്ലുവിളിയായി.