വയനാട് : വയനാട്ടിലെ ചൂരൽമലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശവും മേപ്പാടിയിലെ ആശുപത്രിയും സാമൂഹികാരോഗ്യ കേന്ദ്രവും സന്ദർശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. വ്യാഴാഴ്‌ച ഉച്ചയോടെ വിഡി സതീശനൊപ്പമാണ് സന്ദർശനം നടത്തിയത്. ദുരന്തത്തിൻ്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
"ഈ ദുഷ്‌കരമായ സമയങ്ങളിൽ ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാം ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്നു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഉരുൾപൊട്ടലിൻ്റെയും പ്രകൃതിക്ഷോഭങ്ങളുടെയും ആവർത്തിച്ചുള്ള സംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കർമ്മ പദ്ധതി അടിയന്തരമായി ആവശ്യമാണ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലുളളവരുമായി സംസാരിച്ചു. ഇന്ന് രാവിലെയാണ് കെസി വേണുഗോപാലിനും വിഡി സതീശനുമൊപ്പം രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ബുധനാഴ്‌ച (ജൂലൈ 31) രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കനത്തമഴ മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്‌ച വയനാട്ടിലുണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഇതുവരെ 283 പേരാണ് മരിച്ചത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. മണ്ണിടിച്ചിലിൽ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം വ്യാഴാഴ്‌ച മൂന്നാം ദിവസത്തിലേക്ക് കടന്നതിനാൽ സൈന്യം ആയിരത്തോളം പേരെ രക്ഷപ്പെടുത്തുകയും 220 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.
Also Read: വയനാട് ദുരന്തം: രാഹുലും പ്രിയങ്കയും വയനാട്ടില്‍, ദുരന്തമുഖം സന്ദര്‍ശിക്കുന്നു