കോഴിക്കോട് : കന്നി അങ്കത്തിലെ വിജയത്തിന് ശേഷം പ്രിയങ്ക ഗാന്ധിക്കൊപ്പം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പാര്‍ട്ടിയോടും യുഡിഎഫിനോടും ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും സ്വത്തും നഷ്‌ടപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവർക്കും ഒപ്പമാണ് തന്‍റെ പാർട്ടിയും യുഡിഎഫും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുക്കത്ത് നടന്ന സംയുക്ത പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'നിർഭാഗ്യവശാൽ ഞങ്ങൾക്ക് സർക്കാര്‍ ഇല്ല. അതിനാൽ ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഉരുൾപൊട്ടലിൽ ഇരകളായവരെ സഹായിക്കാൻ കോൺഗ്രസിലെയും യുഡിഎഫിലെയും ഓരോ അംഗവും സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ഞാൻ എൻ്റെ സഹോദരിയോടും കെ സി വേണുഗോപാലിനോടും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ജനങ്ങളോട് വിവേചനം കാണിക്കുകയാണെന്നും അവർക്ക് അർഹമായ പിന്തുണ നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് വ്യത്യസ്‌തമായാണ് ഗൗതം അദാനിയെ മോദി പരിഗണിക്കുന്നതെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. അദാനി യുഎസിൽ കുറ്റാരോപിതനായിട്ട് കാര്യമില്ല, ഇന്ത്യയിൽ അദ്ദേഹം കുറ്റാരോപിതനല്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേരളത്തില്‍ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും വയനാട്ടിലെ ജനങ്ങൾക്ക് മികച്ച ഭാവി ലഭിക്കാൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.