കോഴിക്കോട് : കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ ഒലിച്ച് പോയത് മുണ്ടക്കൈ എന്ന ഗ്രാമം ഒന്നടങ്കമാണ്. താത്‌കാലിക പാലം നിർമിച്ച് മുകളിലേക്ക് എത്തിയപ്പോൾ കാണുന്നത് ഭയാനകമായ കാഴ്‌ചയായിരുന്നു. വീടും നാടും അനാഥമായപ്പോൾ ബാക്കിയായത് ഏതാനും വളർത്തുമൃഗങ്ങളെ മാത്രം.
തകർന്നടിഞ്ഞ വീടുകളിലേക്ക് സൈന്യവും സന്നദ്ധ പ്രവർത്തകരും പ്രവേശിച്ചു തുടങ്ങി. നിലം പൊത്തിയ മേൽക്കൂരകൾ മാറ്റി ജീവന്‍റെ തുടിപ്പുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. തെരഞ്ഞെത്തിയ ബന്ധുക്കളുടെ കാത്തിരിപ്പും കണ്ണീരണിയിക്കുന്ന കാഴ്‌ചയാണ്. ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്. പ്രതീക്ഷയാണ് നിറയെ. ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ.
മണ്ണ് നീക്കിയുള്ള പരിശോധന വരാനുണ്ട്. ദുരന്തത്തിന്‍റെ ആഴങ്ങളിലേക്ക് കടന്ന് അതീവ ദുഷ്‌കരമായ വഴിയിലൂടെ രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴയിലും തെരച്ചിൽ തുടരുന്നു. അതിനിടെ മലപ്പുറം പതങ്കയത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. രണ്ട് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.