വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ നാലാം ദിനം തുടരുമ്പോൾ നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ ഒറ്റപ്പെട്ട നിലയില്‍ നാല് പേരെ കണ്ടെത്തിയത്. രണ്ട് സ്‌ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് കണ്ടെത്തിയത്.
കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, ക്രിസ്റ്റി, എബ്രഹാം എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേരെയാണ് കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. ഇന്ത്യൻ കരസേനയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ടെത്തിയവരിൽ ഒരു സ്‌ത്രീക്ക് കാലിന് പരിക്കുള്ളതായും സൈന്യം അറിയിച്ചു. ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും 240 പേരെ കണ്ടെത്താനായില്ലായിരുന്നു.
അപകടത്തിൽ പെട്ടവർക്ക് ആർക്കും ഇനി ജീവനുണ്ടാകാൻ ഇടയില്ലെന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പകരം ഇനി വേണ്ടത് മൃതദേഹങ്ങൾക്കായുള്ള തെരച്ചിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെ കണ്ടെത്തിയത്.
Also Read: കാണാമറയത്തുള്ളവർ എവിടെ?; വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ വിവിധ തരത്തില്‍