വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച ചൂരല്‍മല മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്. ചൂരൽമല ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ദുരിതബാധിതരുടെയും മരിച്ചവരുടെയും വായ്‌പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് തീരുമാനിച്ചു. ഇന്ന് (ഓഗസ്റ്റ് 12) ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ 9 പേരുടെ വായ്‌പ എഴുതിത്തള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റുളളവരുടെ കാര്യത്തിലും സമാനമായ മനോഭാവം ഉണ്ടാകുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മറ്റ് ബ്രാഞ്ചുകളിൽ വായ്‌പകളുള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം നല്‍കുമോ എന്ന കാര്യത്തില്‍ ബാങ്ക് വ്യക്തത നല്‍കിയിട്ടില്ല.
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്‌പ തിരിച്ചടവില്‍ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഇത് കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: ഉരുള്‍ തകര്‍ത്ത മണ്ണില്‍ ഉറ്റവര്‍ക്കായി അവര്‍, ആശ്വാസമേകുമോ ഡിഎൻഎ ഫലങ്ങള്‍; നടപടികള്‍ ഇങ്ങനെ