ഇടുക്കി : കുടുക്കയിൽ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒന്നാം ക്ലാസ് വിദ്യാർഥിയെ അഭിനന്ദിച്ച് കലക്‌ടർ വി വിഗ്നേശ്വരി. പോത്തുകണ്ടം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആദവിനെ അഭിനന്ദിച്ചാണ് ചിത്രം ഉൾപ്പെടുന്ന ഫേസ്ബുക്ക് കുറിപ്പ് ഞായറാഴ്‌ച (ഓഗസ്റ്റ് 05) ഔദ്യോഗിക പേജിൽ പങ്കുവച്ചത്. ഒപ്പം മഴയെക്കുറിച്ചുള്ള ഓർമകളും കലക്‌ടറുടെ കുറിപ്പിലുണ്ട്.
'ജനലഴികൾക്കിടയിലൂടെ മഞ്ഞും മഴയൊക്കെ കണ്ട് ഇരിക്കുമ്പോഴാണ് നിങ്ങളോട് ഒരു കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്... കഴിഞ്ഞ ദിവസം എന്നെ കാണാൻ ഓഫിസിൽ ഒരു കൊച്ചു പയ്യൻ വന്നിരുന്നു. ആദവ്... പോത്തുകണ്ടം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ടിവിയിലും പത്രത്തിലുമൊക്കെ വയനാടിനെക്കുറിച്ചുള്ള വാർത്തകൾ കേട്ട് സ്വന്തം സമ്പാദ്യകുടുക്കയുമായിട്ടായിരുന്നു വരവ്.
വിഷുവിന് കൈനീട്ടം കിട്ടിയതോ പോക്കറ്റ് മണിയോ ചേർത്തുവച്ചതാകണം. പക്ഷേ വലിയ സന്തോഷം തോന്നി. ദയവും, കനിവും, സഹായം ചെയ്യുന്നതിനുള്ള മനസ്ഥിതിയുമൊക്കെ പുതിയ തലമുറയുടെ രക്തത്തിലുമുണ്ട്. തുടങ്ങിയത് മഴയെക്കുറിച്ച് പറഞ്ഞുകൊണ്ടാണല്ലോ... എന്തൊക്കെ മഴകളാണ് ഇവിടെ.
നൂൽമഴ, തൂള് മഴ, പൊടി മഴ, ഡാൻസിങ് മഴ, പെരുമഴ അങ്ങനെ ജനലിലൂടെ നോക്കുമ്പോൾ ഓരോ മഴയ്ക്കും ഓരോ ഭാവമാണ്. നിങ്ങൾക്കറിയാവുന്ന മഴയുടെ പേരുകൾ കമൻ്റ് ബോക്‌സിൽ ഇടാമോ? അറിവുകൾ പങ്കുവയ്‌ക്കുന്നത് നല്ല ശീലമാണ്' -കലക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.
Also Read: വയനാടിന് കൈത്താങ്ങ്; സലൂണിലെ ഒരു ദിവസത്തെ വരുമാനം ഭവനനിർമാണത്തിന് നൽകി കട്ടപ്പന സ്വദേശി