തൃശൂര്‍: കഴിഞ്ഞ രണ്ട് വര്‍ഷമായി സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച തുക വയനാട്ടിലെ ജനങ്ങള്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഒന്നാം ക്ലാസുകാരൻ. തൃശൂർ സ്വദേശി അർണവാണ് സൈക്കിൾ വാങ്ങാൻ കരുതിവച്ച തുക ജില്ല കലക്‌ടർക്ക് കൈമാറിയത്. 'വയനാട്ടിലെ ആളുകളുടെ അവസ്ഥ കണ്ടപ്പോള്‍ വിഷമം തോന്നി. അതുകൊണ്ടാണ് പണം നല്‍കിയതെന്ന്' അർണവ് പറഞ്ഞു. മറ്റ് കുട്ടികളും ഇത് പോലെ സഹായം നല്‍കണമെന്നും അര്‍ണവ് പറഞ്ഞു.
അര്‍ണവിനൊപ്പം വയനാട്ടിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് ഏഴാം ക്ലാസുകാരിയായ ദിയയും. തന്‍റെ പിറന്നാള്‍ ആഘോഷത്തിനായി കരുതിവച്ച 25,000 രൂപ ദിയയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദേശത്ത് പഠിക്കുന്ന ദിയ അവധി ആഘോഷിക്കാന്‍ എത്തിയതാണ് നാട്ടില്‍. കഴിയും വിധം എല്ലാവരും വയനാട്ടിലെ ജനങ്ങളെ സഹായിക്കണമെന്നാണ് ദിയയ്‌ക്കും പറയാനുളളത്.