കോഴിക്കോട് : രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കി വാഹനങ്ങളടക്കം കടത്തി വിടാനായി മുണ്ടക്കെെയില്‍ സെെന്യം ബെയ്‌ലി പാലം നിര്‍മിക്കും. അറ്റുപോയ ഗ്രാമബന്ധങ്ങളെ ബെയ്‌ലി പാലത്തിലൂടെ കൂട്ടിയോജിപ്പിക്കുകയാണ് കരസേന. ആർമി എന്‍ജിനിയറിങ് ഗ്രൂപ്പിലെ അൻപതിലേറെ വിദഗ്‌ധരാണ് പാലം നിർമാണത്തിനായി എത്തിയത്.
ബെംഗളൂരുവിൽ നിന്നാണ് പാലത്തിന്‍റെ സാമഗ്രികള്‍ എത്തിച്ചത്. എന്നാൽ ദുഷ്‌കര സാഹചര്യത്തിൽ പാലം നിർമാണത്തിന്‍റെ സാമഗ്രികൾ എത്തിക്കാനും പാലം ഘടിപ്പിക്കാനും കാലതാമസം നേരിടുകയാണ്. മുണ്ടക്കൈയെ ചൂരൽ മലയുമായി ബെയ്‌ലി പാലം വഴി ബന്ധിപ്പിച്ചാൽ എല്ലാ പ്രവർത്തനങ്ങളും സുഗമമാകും.
എന്താണ് ബെയ്‌ലി പാലം : മുൻകൂട്ടി നിർമിച്ച സാമഗ്രികള്‍കൊണ്ട് എളുപ്പത്തിൽ കൂട്ടിയോജിപ്പിക്കാവുന്ന താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. എളുപ്പത്തിൽ ഇത് എടുത്തുമാറ്റാനും കഴിയും. രണ്ടാം ലോക മഹായുദ്ധകാലത്ത് സെെനിക വാഹനങ്ങൾക്ക് കടന്നുപോകാൻ ബ്രിട്ടീഷുകാരാണ് ഇത് ആവിഷ്‌കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയ്‌ലിയുടെ ആശയമായതു കൊണ്ടാണ് ഇതിന് 'ബെയ്‌ലി ബ്രിഡ്‌ജ്' എന്ന് പേര് വന്നത്.
ഇരുമ്പുരുക്കാണ് പാലത്തിന്‍റെ പ്രധാന ഘടകം. താരതമ്യേന ഭാരക്കുറവുള്ള ഭാഗങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നതാണ് രീതി. ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 18 ടൺ മുതൽ ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമിക്കുന്നത്.
കേരളത്തിൽ ആദ്യമായി കരസേന ബെയ്‌ലി പാലം നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാത്താണ്. 2017 ഏപ്രിലിൽ കല്ലടയാറിന് കുറുകെയുള്ള എംസി റോഡിൽ പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചായിരുന്നു നിർമാണം. ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് താത്‌കാലിക പാലം സൈന്യം നിർമിച്ചത്. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന 55 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള ക്ലാസ് 18 വിഭാഗത്തിലുള്ള പാലമായിരുന്നു ഇത്.
മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ 14-ാം എൻജിനീയറിങ് റെജിമെന്‍റിന്‍റെ മേൽനോട്ടത്തിൽ 50 സൈനികരാണ് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. സെക്കന്ദരാബാദിൽ നിന്നായിരുന്നു പാലം നിർമാണത്തിനുള്ള സാമഗ്രികൾ ഏനാത്ത് എത്തിച്ചത്. അഞ്ച് മാസത്തോളം ബെയ്‌ലി പാലത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പിന്നീട് പഴയ പാലം നവീകരിച്ച ശേഷം സൈന്യം ബെയ്‌ലി പാലം പൊളിച്ചു നീക്കുകയായിരുന്നു.