വയനാട് : കുറുവയില കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്‍റെ മരണ കാരണം ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) ഇന്നാണ് മരിച്ചത്. ഇതോടെ ജില്ലയിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ് (Preliminary reports indicate about internal injuries cause of paul death ).
അതീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോളിനെ എത്തിച്ചത്. മാനന്തവാടിയിൽ നിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോളിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം നാളെ നടക്കും.
ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്കായി രാവിലെ 7.30ഓടെ പുല്‍പ്പള്ളി പൊലീസ് എത്തും. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരിക്കേറ്റത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (VSS) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.
ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോളിന്‍റെ മരണത്തിനു പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. യുഡിഎഫ് ഹര്‍ത്താൽ ആഹ്വാനത്തിന് പിന്നാലെ എല്‍ഡിഎഫും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ (UDF-LDF Calls For Hartal Tomorrow In Wayanad)
കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ജനങ്ങളുടെ ജീവൻ നഷ്‌ടമാകുന്ന സംഭവത്തില്‍ ശാശ്വത പരിഹാരം തേടിയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്.
ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്‌നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്‌മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പോളിന്‍റെ മരണത്തോടെ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്.