തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ തുടർച്ചയായ നാലാം ദിവസവും കുടിവെള്ളം കിട്ടാക്കനി. തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പണികളുടെ ഭാഗമായി പിടിപി നഗറിൽ നിന്നുള്ള 700 എംഎം പൈപ്പ് ലൈനും നേമം ഭാഗത്തേക്കുള്ള 500 എംഎം പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൽ വ്യാപകമായി കുടിവെള്ളക്ഷാമം നേരിട്ടത്. വരൾച്ച കാലം അല്ലായിരുന്നിട്ടും പണി ഇഴയുന്നത് കാരണം 33 വാർഡുകളിൽ പൂർണമായും 11 വാർഡുകളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി.
റെയിൽവേ ലൈനിന് അടിയിലുള്ള 700 എംഎം പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പണികൾ നിലവിൽ പുരോഗമിക്കുകയാണ്. റെയിൽ പാത വികസിപ്പിക്കുന്നതിനാൽ 50 മീറ്റർ മാറിയാകും പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുക. അരുവിക്കരയിലെ ശുദ്ധജല വിതരണ പ്ലാൻ്റ് താത്കാലികമായി പമ്പിങ് നിർത്തിയതും വലിയ പ്രതിസന്ധിയായി.
ശനിയാഴ്‌ച രാവിലെ കുടിവെള്ളം ലഭ്യമാകും എന്നായിരുന്നു വാട്ടർ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പണികൾ കൃത്യമായി പൂർത്തിയാകാത്തതിനാൽ കുടിവെള്ള ക്ഷാമം തുടരുകയാണ്. ഇന്ന് വൈകിട്ടോടെ വെള്ളം എത്തിക്കാനാകുമെന്നാണ് തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഓഫിസ് അറിയിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിരവധി സ്ഥലങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുമെന്ന് ഇന്നലെ കുടിവെള്ളക്ഷാമം ചർച്ച ചെയ്യാനായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ പല വാർഡുകളിലും കൗൺസിലർമാർ ഒരുമിച്ച് ആവശ്യപ്പെടുന്നതിനാൽ ടാങ്കർ ലോറി മുഖേനയുള്ള കുടിവെള്ള വിതരണവും ഇപ്പോൾ പ്രതിസന്ധിയിലാണ്. വെള്ളമില്ലാത്ത വാർഡുകളിലെ ഹോട്ടലുകളുടെയും കാൻ്റീനുകളുടെയും പ്രവർത്തനം അങ്കലാപ്പിലായി.
നാലാം ദിനവും കുടിവെള്ളമെത്താത്തതോടെ പലരും ബന്ധുവീടുകളിലേക്കും മാറിത്തുടങ്ങി. പൈപ്പ് ലൈൻ വർക്ക് തുടരുന്ന ജഗതി മേഖലയിൽ മന്ത്രി റോഷി അഗസ്റ്റിൽ ഇന്ന് രാവിലെ നേരിട്ടെത്തി പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവർത്തി വിലയിരുത്തി. കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി 11 മണിക്ക് ബിജെപി കൗൺസിലർമാർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.