ഇടുക്കി : വേനൽ കടുത്തു, തൊണ്ട നനയ്ക്കാൻ വെള്ളം തേടി കന്നിമാർ ചോലയിലെ നാട്ടുകാർ. തെയില ചെടികളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് കുമളിക്ക് സമീപമുള്ള കന്നിമാർ ചോല. ഇവിടുത്തെ അംബേദ്‌കർ കോളനി നിവാസികൾ കുടിവെള്ളത്തിനായി അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾ അധികൃതർ കാണേണ്ടതാണ്.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ കന്നിമാർചോല തെയില തോട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന മലനിരകൾക്ക് നടുവിലെ ചെറു ഗ്രാമമാണ്. എന്നാൽ ഇവിടെ കുടിവെള്ളം ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം. വർഷങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു.
മലിനമായ ഒരു കിണറും, തുള്ളി തുള്ളിയായി വെള്ളം ഒലിച്ചിറങ്ങുന്ന ഒരു ഓലിയുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസുകൾ. പ്രായമായവരും സ്ത്രീകളും ഈ കിണറ്റിൽ നിന്നുള്ള വെള്ളം കുടങ്ങളിൽ ചുമന്ന് ഏറെ ദൂരം നടന്നാണ് വീടുകളിൽ എത്തുന്നത്. തേയില തോട്ടങ്ങളിലെ പണിയും കന്നുകാലി വളർത്തലുമാണ് നാട്ടുകാരുടെ പ്രധാന ഉപജീവന മാർഗം.
സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തുക നൽകി ടാങ്കർ വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. എല്ലാ വർഷവും ജനുവരിയിൽ തന്നെ കന്നിമാർചോലയിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു തുടങ്ങും. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ടെങ്കിലും പ്രതിവിധി ഉണ്ടായില്ലെന്നാണ് ആക്ഷേപം.