തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് സഹകരണ മന്ത്രി വി എന്‍ വാസവന്‍. സംഭവത്തില്‍ സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സഹകരണ ബാങ്കില്‍ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സഹകരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സഹകരണ സംഘങ്ങളുടെ യോഗത്തില്‍ തന്നെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 7 വര്‍ഷം മുന്‍പ് നടന്ന ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടപടി നേരിട്ട് വരികയായിരുന്നു. സംഭവത്തില്‍ സഹകരണ വകുപ്പിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ സ്‌റ്റേ നേടിയ ശേഷമായിരുന്നു ബാങ്കിന്‍റെ പ്രവര്‍ത്തനം തുടര്‍ന്ന് വന്നിരുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു.
മകളുടെ വിവാഹ ആവശ്യത്തിനായിട്ടായിരുന്നു സര്‍വീസ് സഹകരണ ബാങ്കില്‍ നെയ്യാറ്റിന്‍കര മരുതത്തൂര്‍, പുളിമൂട്, പുത്തന്‍വീട്ടില്‍ സോമസാഗരം (52) 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. ഒരു വര്‍ഷമായി സോമസാഗരം തുക തിരികെ ആവശ്യപ്പെട്ട് ബാങ്കില്‍ കയറിയിറങ്ങുന്നു. തുക കിട്ടാതെ മനംനൊന്ത് കഴിഞ്ഞ മാസം 19 ന് വൈകിട്ടായിരുന്നു വിഷം കഴിച്ചുള്ള ആത്മഹത്യാ ശ്രമം. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
നിക്ഷേപിച്ച 5 ലക്ഷം രൂപയില്‍ 4 തവണയായി 1 ലക്ഷം രൂപ മാത്രമാണ് സോമസാഗരത്തിന് തിരികെ നല്‍കിയത്. ഇനി പലിശ ഉള്‍പ്പെടെ 5,19,646 രൂപ നല്‍കാനുണ്ട്. നിലവില്‍ പ്രതിസന്ധി നേരിടുന്ന ബാങ്കുകളുടെ പട്ടികയിലല്ല കോണ്‍ഗ്രസിന്‍റെ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.
ALSO READ: ആനയെ തുരത്താന്‍ ഉപകരണമില്ല, ആര്‍ആര്‍ടി സംഘത്തിന് പടക്കങ്ങള്‍ നല്‍കി കര്‍ഷകന്‍