തിരുവനന്തപുരം: കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുചിറകേകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സര്‍വ്വ സജ്ജം. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ 'മെസ്‌കി'ന്‍റെ (MAERSK) 'സാന്‍ ഫെര്‍ണാണ്ടോ'എന്ന മദര്‍ ഷിപ്പിനെ ജൂലൈ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് സ്വീകരിക്കും. തുടര്‍ന്ന് മദര്‍ ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടു പോകാനായി ഫീഡര്‍ കപ്പലുകള്‍ തുറമുഖത്ത് എത്തും.
ജൂലൈ 12ന് ആരംഭിച്ച് മൂന്നുമാസം വരെ തുടരുന്ന ട്രയല്‍ റണ്ണിനിടെ മെസ്‌കിന്‍റെ തന്നെ എംഎസ്‌സി എന്ന കമ്പനിയുടെ 400 മീറ്റര്‍ നീളമുള്ള കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നും ബുധനാഴ്‌ച 2000 കണ്ടെയ്‌നറുകളുമായി സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടും. തുടര്‍ന്ന് വെള്ളിയാഴ്‌ച മാറിന്‍ അസൂര്‍ എന്ന കപ്പലും ശനിയാഴ്‌ച സീസ്‌പാന്‍ സാന്‍റോസ് എന്ന ഫീഡര്‍ കപ്പലുകളും തുറമുഖത്ത് എത്തും. സാന്‍ ഫെര്‍ണാണ്ടൊയില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തെ യാര്‍ഡിലേക്ക് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റും. ക്രെയിനുകളുടെയും സ്വീഡനില്‍ നിന്നും കൊണ്ടുവന്ന ക്രെയിനുകളുടെ ഏകീകൃത നിയന്ത്രണ സംവിധാനമായ റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം വിലയിരുത്താനാണിത്.
തുടര്‍ന്ന് ശ്രീലങ്കയിലെ കൊളമ്പോയില്‍ നിന്നുമെത്തുന്ന ഫീഡര്‍ കപ്പലുകളിലെ മാറിന്‍ അസുര്‍ കപ്പല്‍ ചരക്കുമായി മുംബൈ, മുന്ദ്ര തുറമുഖങ്ങള്‍ വഴി തിരികെ കൊളമ്പോയിലേക്കും സിസ്‌പാന്‍ സാന്‍റോസ് ചെന്നൈ മാര്‍ഗം തിരികെ കൊളമ്പോയിലേക്കും കണ്ടെയ്‌നറുകളുമായി സഞ്ചരിക്കും. 32ല്‍ 31 ക്രെയിനുകളാണ് വിഴിഞ്ഞത് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇതില്‍ 23 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമുണ്ട്. സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളില്‍ തുറമുഖം കമ്മീഷന്‍ ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു. ട്രാന്‍സ്ഷിപ്പ്‌മെന്‍റിന് പ്രാധാന്യം നല്‍കുന്ന രീതിയിലാകും ട്രയല്‍ റണ്‍ എന്ന് അദാനി ഗ്രൂപ്പ് അറിയിക്കുന്നു.
തുറമുഖത്തെ ഉപകരണങ്ങള്‍:
- 70 ടണ്‍ ബോള്ളാര്‍ഡ് പുള്‍ (കപ്പല്‍ കെട്ടി വലിക്കാനുള്ള ടഗ് ബോട്ടിന്‍റെ ശേഷി) ശേഷിയുള്ള മൂന്നും 55 ടണ്‍ ബോള്ളാര്‍ഡ് പുള്‍ ശേഷിയുള്ള ഒരു പൈലറ്റ് ടഗുമാണ് കപ്പലിനെ തുറമുഖത്തേക്ക് കെട്ടി വലിക്കുക.
- കപ്പലുകള്‍ക്ക് വഴി കാട്ടാനും നിരീക്ഷണത്തിനുമായി ഒരു പൈലറ്റ് കം പെട്രോള്‍ ബോട്ടും വിഴിഞ്ഞത്തുണ്ട്.
- കപ്പലുകള്‍ താത്കാലികമായി നിര്‍ത്തിയിടാനുള്ള രണ്ട് മൂറിങ് ലോഞ്ചുകള്‍ സെപ്റ്റംബറില്‍ തുറമുഖത്ത് എത്തും.
- 220 കെവി സബ് സ്‌റ്റേഷനാണ് തുറമുഖത്തിന് ആവശ്യമായ വൈദ്യുതി നല്‍കുക. 33 കെവി പോര്‍ട്ട് സബ് സ്‌റ്റേഷനും തുറമുഖത്തുണ്ട്.
- കപ്പലിലെത്തുന്ന കണ്ടെയ്‌നറുകള്‍ ഇറക്കി വെയ്ക്കാന്‍ 63 ഹെക്‌ടര്‍ സ്ഥലമാണ് നികത്തിയത്.
- എത്തുന്ന കണ്ടെയ്‌നറുകള്‍ സ്‌കാന്‍ ചെയ്യുന്നതിനായി അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍റെ അനുമതി മെയ് 30 ന് തുറമുഖത്തിന് ലഭിച്ചിട്ടുണ്ട്. ഓഗസ്‌റ്റില്‍ ഇതു പ്രവര്‍ത്തന ക്ഷമമാകും.
ജൂലൈ 12 ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ ചരക്ക് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിക്കുന്നത്. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ മുഖ്യാതിഥിയാകും. സംസ്ഥാനത്തെ മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. അതേ സമയം പ്രതിപക്ഷ നേതാവിനും മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ക്ഷണമില്ലാത്തത് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
Also Read: 'വിഴിഞ്ഞത്തുനിന്ന് സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും ചരക്കു ഗതാഗതം തുടങ്ങും': വി എൻ വാസവൻ