തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ ആദ്യ ചരക്ക് കപ്പലായ മെസ്‌കിന്‍റെ സാന്‍ ഫെര്‍ണാണ്ടോയ്‌ക്ക് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം. രാവിലെ 7.15ഓടെയാണ് തുറമുഖത്തിന്‍റെ ഔട്ടര്‍ ഏരിയ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് സാന്‍ ഫെര്‍ണാണ്ടോ എത്തിയത്. കടലില്‍ വാട്ടര്‍ സല്യൂട്ടോടെ സ്വീകരണമൊരുക്കിയപ്പോള്‍ തീരത്ത് കാത്തിരുന്നത് വാദ്യമേളങ്ങളോടെയുള്ള ആഘോഷമായിരുന്നു.
2000 കണ്ടയ്‌നറുകളുമായി വിഴിഞ്ഞത്ത് എത്തിയ കപ്പല്‍ 1930 കണ്ടയ്‌നറുകള്‍ തുറമുഖത്തിറക്കിയാകും മടങ്ങുക. നിലവില്‍ കപ്പലിന്‍റെ ബര്‍ത്തിങ് നടപടികള്‍ പുരോഗമിക്കുകയാണ്. നാളെ ആരംഭിക്കുന്ന ട്രയല്‍ റണ്ണിന് മുന്‍പായി ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ്, പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ നൽകുന്ന മെഡിക്കല്‍ ക്ലിയറന്‍സ് എന്നി നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിന് ശേഷം മാത്രമേ കണ്ടയ്‌നറുകള്‍ തുറമുഖത്തിന്‍റെ യാര്‍ഡിലേക്ക് ഇറക്കുകയുള്ളു.
കേരളത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസാക്ഷാത്കാരമാണ് ഇന്ന് തീരമണഞ്ഞത്. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ മെസ്‌കിന്‍റെ (MAERSK) സാന്‍ ഫെര്‍ണാണ്ടോയെന്ന മദര്‍ ഷിപ്പിനെ ജൂലൈ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ഔദ്യോഗികമായി സ്വീകരിച്ചാല്‍ പിന്നാലെ മദര്‍ ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനായി ഫീഡര്‍ കപ്പലുകള്‍ തുറമുഖത്തേക്ക് എത്തും. ചൈനയിൽ നിന്നും 2000 കണ്ടെയ്‌നറുകളുമായാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം പുറംകടലില്‍ ബുധനാഴ്‌ച നങ്കൂരമിട്ടത്.
തുടര്‍ന്ന് വെള്ളിയാഴ്‌ച മാറിന്‍ അസൂര്‍ എന്ന കപ്പലും ശനിയാഴ്‌ച സീസ്‌പാന്‍ സാന്‍റോസ് എന്ന ഫീഡര്‍ കപ്പലും തുറമുഖത്ത് എത്തും. സാന്‍ ഫെര്‍ണാണ്ടോയില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തെ യാര്‍ഡിലേക്ക് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റും. ക്രെയിനുകളുടെയും സ്വീഡനില്‍ നിന്നും കൊണ്ടുവന്ന ക്രെയിനുകളുടെ ഏകീകൃത നിയന്ത്രണ സംവിധാനമായ റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേഷന്‍ സെന്‍ററിന്‍റെയും പ്രവര്‍ത്തനം വിലയിരുത്താനാണിത്.
തുടര്‍ന്ന് ശ്രീലങ്കയിലെ കൊളമ്പോയില്‍ നിന്നുമെത്തുന്ന മാറിന്‍ അസുര്‍ കപ്പല്‍ ചരക്കുമായി മുംബൈ, മുന്ദ്ര തുറമുഖങ്ങള്‍ വഴിയും സിസ്‌പാന്‍ സാന്‍റോസ് ചെന്നൈ മാര്‍ഗവും തിരികെ കൊളമ്പോയിലേക്ക് സഞ്ചരിക്കും. 32ല്‍ 31 ക്രെയിനുകളാണ് വിഴിഞ്ഞത് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇതില്‍ 23 യാര്‍ഡ് ക്രെയിനുകളും 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമുണ്ട്. ജൂലൈ 12ന് ആരംഭിച്ച് മൂന്നുമാസം വരെ തുടരുന്ന ട്രയല്‍ റണ്ണിനിടെ 400 മീറ്റര്‍ നീളമുള്ള കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും എന്നാണ് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.
ALSO READ: 'വിഴിഞ്ഞത്തുനിന്ന് സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും ചരക്കു ഗതാഗതം തുടങ്ങും': വി എൻ വാസവൻ