പത്തനംതിട്ട: വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല അയ്യപ്പ സന്നിധാനം. 13 ന് രാത്രി 9.30 ന് അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ ഓട്ടുരുളിയിൽ കലിയുഗവരദൻ്റെ മുന്നിൽ വിഷുക്കണി ഒരുക്കും. ശേഷം ഹരിവരാസനം പാടി തിരുനട അടയ്ക്കും. വിഷുവായ മേടം ഒന്നിന് (ഏപ്രിൽ 14 ന്) പുലർച്ചെ 4 മണിക്ക് തിരുനട തുറക്കും.
നട തുറന്ന് ശ്രീകോവിലിൽ വിളക്കുകൾ തെളിയിച്ച് ആദ്യം അയ്യപ്പ സ്വാമിയെ വിഷുക്കണി കാണിക്കും. പിന്നീട് ഭക്തർക്ക് വിഷുക്കണി ദർശനത്തിനായി നടതുറന്നു കൊടുക്കും. ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും കൈനീട്ടവും നൽകും. 4 മണി മുതൽ 7 മണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. ശേഷം പതിവ് അഭിഷേകവും ഉഷപൂജയും നെയ്യഭിഷേകവും നടക്കും. ഉച്ചക്ക് 1 മണിക്ക് തിരുനട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് തിരുനട വീണ്ടും തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.
മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ഏപ്രിൽ 10 നാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി എൻ മഹേഷ് നമ്പുതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്.
ALSO READ : പൈങ്കുനി-ഉത്രം മഹോത്സവത്തിന് പരിസമാപ്‌തി; ശബരിമല നട അടച്ചു