ന്യൂഡൽഹി: 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ പത്താം വാർഷിക വേളയിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ഒരു ജനകീയ സംരംഭമായി മാറിയിരിക്കുന്നുവെന്നും വിവധ മേഖലയിലുള്ള ആളുകളെ ഇനിയും ഇതിന്‍റെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ന് നമ്മൾ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയുടെ പത്താം വാർഷികം ആഘോഷിക്കുകയാണ്. വിവിധ മേഖലകളിലുള്ള ആളുകളുടെ പങ്കാളിത്തമാണ് ഈ പദ്ധതിയിലേക്ക് എല്ലാവരെയും ആകർഷിച്ചത്. ഇന്ന് ഈ പദ്ധതി ഒരു ജനകീയ സംരംഭമായി മാറിയിരിക്കുകയാണ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം, ലിംഗ സമത്വം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിന് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ ലിംഗാനുപാതം കണക്കിലെടുത്ത്, ജനങ്ങളും വിവിധ സമുദായ സംഘടനകളും നടത്തിയ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മാത്രമല്ല ലിംഗസമത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നൽകിയ ബോധവത്‌കരണ പ്രചാരണങ്ങളിലൂടെ ജനങ്ങൾക്ക് ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള ഈ പ്രസ്ഥാനം തുടരേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. യാതൊരു വിവേചനവുമില്ലാതെ പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സമൂഹം സൃഷ്‌ടിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Today we mark 10 years of the #BetiBachaoBetiPadhao movement. Over the past decade, it has become a transformative, people powered initiative and has drawn participation from people across all walks of life.
— Narendra Modi (@narendramodi) January 22, 2025
അതേസമയം ഈ പദ്ധതി വിജയകരമാക്കുകയും ഇതിനെ എല്ലാവരിലേക്കുമെത്തിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നമ്മുടെ പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാം, അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയും യാതൊരു വിവേചനവുമില്ലാതെ അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സമൂഹം സൃഷ്‌ടിക്കുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ ഇന്ത്യയിലെ പെൺമക്കൾക്ക് കൂടുതൽ പുരോഗതിയും അവസരവും കൊണ്ടുവരുമെന്ന് നമുക്ക് ഒരുമിച്ച് ഉറപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2015 ജനുവരി 22ന് ഹരിയാനയിലെ പാനിപ്പത്തിലാണ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' (ബിബിബിപി) എന്ന പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്ന് ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക സംരംഭങ്ങളിലൊന്നായി ഈ പദ്ധതി മാറി.
ഇന്ത്യയിലെ പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കാനും, ആരോഗ്യ സംരക്ഷണം വിപുലീകരിക്കാനും, സ്‌ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ, എൻജിഒകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഓരോ പെൺകുട്ടിയെയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ അടിത്തറ ഈ പദ്ധതി സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ന് പദ്ധതി അതിന്‍റെ രണ്ടാം ദശകത്തിലേക്ക് കടക്കുകയാണ്. സജീവമായ സാമൂഹിക പങ്കാളിത്തത്തിലൂടെ പദ്ധതിയെ ഇനിയും ഉയർത്തി കൊണ്ട് വരണമെന്നതാണ് രണ്ടാം ദശകത്തിൽ ഉൾക്കൊള്ളുന്ന നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു.