കാസർകോട് : വോട്ടർപട്ടികയുടെ പകർപ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് കാസർകോട് മധൂർ ഗ്രാമപ്പഞ്ചായത്തിൽ ക്രമക്കേട് നടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി (Vigilance Inspection In Madhur Panchayat). ഡിവൈഎസ്‌പി വി ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വോട്ടർ പട്ടിക അച്ചടിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയിലാണ് പരിശോധന. വെബ്‌സൈറ്റിൽ നിന്ന് വോട്ടേഴ്‌സ് പട്ടിക ഡൗൺലോഡ് ചെയ്‌ത് പ്രിന്‍റ് എടുത്തതിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പഞ്ചായത്തിന് സാമ്പത്തിക നഷ്‌ടമുണ്ടാക്കിയതായി പ്രഥമദൃഷ്‌ട്യാ കണ്ടെത്തിയെന്നാണ് വിവരം.
ക്വട്ടേഷൻ ക്ഷണിക്കാതെ വോട്ടർപട്ടികയുടെ പകർപ്പ് വാങ്ങിച്ച് സാമ്പത്തിക തിരിമറി നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബുധനാഴ്‌ച (28-02-2024) രാവിലെ 11 മണിക്കാരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിപ്പിച്ചത്.
വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു. വിവിധ രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു. എസ് ഐമാരായ കെ രാധാകൃഷ്‌ണൻ, വി എം മധുസൂദനൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ALSO READ : മുഖം മിനുക്കി നീലേശ്വരം നഗരസഭ; പുതിയ ഓഫീസ് മന്ദിരം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും