തിരുവനന്തപുരം: കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവം തികഞ്ഞ അനാസ്ഥയാണെന്നും, സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിഡി സതീശൻ. കാട്ടാക്കട മച്ചയിലിലെ കൃഷ്‌ണ തങ്കപ്പൻ്റെ വീട് സന്ദർശിച്ച ശേഷം ആയിരുന്നു വിഡി സതീശൻ്റെ പ്രതികരണം. കുറ്റക്കാരെ രക്ഷിക്കാൻ വ്യാജ രേഖകൾ ഉൾപ്പെടെ ചമച്ചിരിക്കുന്നത് ഗൗരവമായി കാണണമെന്നും വിഡി സതീശൻ പറഞ്ഞു.
സാധാരണക്കാരിൽ സാധാരണക്കാരിയായ കൃഷ്‌ണ തങ്കപ്പൻ്റെ കുടുംബത്തിന് അർഹമായ സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും തെറ്റുകാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൃഷ്‌ണയുടെ കുടുംബത്തിൻ്റെ അവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
കേരളത്തിലെ ആരോഗ്യ മേഖലയിലെ പിഴവുകൾ അന്വേഷണത്തിൽ ആണെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ഈ പിഴവുകൾ എല്ലാം ചൂണ്ടിക്കാട്ടുന്ന പരാതികൾ സമാഹരിച്ച് ഒരു ഗ്രന്ഥമാക്കാൻ കഴിയുമെന്നും സതീശൻ പരിഹസിച്ചു.
Also Read: കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം