എറണാകുളം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ ബിജെപി നേതാവ് സ്‌മൃതി ഇറാനിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗുമായുള്ള ബന്ധം ദേശീയ തലത്തിൽ മറച്ചു വെക്കുകയാണെന്നാണ് സ്‌മൃതി ഇറാനി ആക്ഷേപമുന്നയിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലെ അംഗമായ ലീഗ്, കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിലെ കോൺഗ്രസുമായി ബന്ധമുള്ള പ്രസ്ഥാനമാണ് ലീഗ്.
ആ ബന്ധം ഒളിച്ചു വെക്കേണ്ട ഒരു കാര്യവും കേരളത്തിലേയോ, ദേശീയ തലത്തിലേയോ കോൺഗ്രസിനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ കുറിച്ച് ആക്ഷേപമുന്നയിച്ച് മണിക്കൂറുകൾക്കകമാണ് സ്‌മൃതി ഇറാനി ഇതേ പരാമർശം നടത്തിയത്. ഇരുവരുടെയും പ്രസ്‌താവന തയ്യാറാക്കിയത് ഒരേ സ്ഥലത്താണെന്ന് സംശയിക്കാവുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷേപം.
രാഹുൽ ഗാന്ധിക്കെതിരെ സ്ഥിരമായി ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് സ്‌മൃതി ഇറാനി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്തിയാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കഴിയും. ഇതുവഴി ബിജെപിയെ പ്രീണിപ്പിക്കുകയാണ് പിണറായി വിജയൻ്റെ ലക്ഷ്യം.
മാസപ്പടി ഉൾപ്പടെയുള്ള കേസുകളിൽ ആരോപണ വിധേയനായ പിണറായി വിജയൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമവുമായി രംഗത്തുവന്നത്. കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള ദൂരദർശൻ തീരുമാനത്തിനെതിരെ ഇലക്ഷൻ കമ്മീഷന് തങ്ങൾ പരാതി നൽകിയിരിക്കുകയാണ്. ഈ തെരെഞ്ഞടുപ്പ് കാലത്ത് ജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
ഇലക്ഷൻ കമ്മിഷൻ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ഇത്തരമൊരു സിനിമ പ്രദർശിപ്പിക്കുന്നത്. കേരളത്തെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ദൂരദർശൻ പിന്മാറണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'മുഖ്യമന്ത്രിയുടെ പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രം'; കെ സി വേണുഗോപാൽ