കോട്ടയം: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിൽ കർണാടക സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കർണാടക മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായതായി കരുതുന്നില്ല. ഷിരൂരിലെ അത്യന്തം പ്രതികൂല കാലാവസ്ഥയാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
മറിയാമ്മ ഉമ്മന്‍റെ പരാമര്‍ശത്തിലും പ്രതികരണം: സോളാര്‍ വിഷയത്തില്‍ പാർട്ടി ഒറ്റക്കെട്ടായി ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുകയാണ് ചെയ്‌തതെന്ന് സോളാറിൽ മറിയാമ്മ ഉമ്മന്‍റെ പരിഭവത്തോട് പ്രതികരിച്ച് വിഡി സതീശൻ. പാർട്ടി ഒരുതരത്തിലും ഉമ്മൻ ചാണ്ടിയെയും ആരോപണ വിധേയരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. തെറ്റായ ആരോപണമാണെന്ന് പാർട്ടിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഒരാൾ പോലും അവരെ കുറ്റക്കാരായി ചിത്രീകരിച്ചിട്ടില്ല. മറ്റേതെങ്കിലും പാർട്ടിയാണെങ്കിൽ കനത്ത ഭിന്നത ഉണ്ടായേനെയെന്നും വിഷ്‌ണുനാഥ് മാത്രമാണ് പിന്നീട് കുടുംബത്തെ കാണാൻ എത്തിയതെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.