കാസർകോട്: 11 കുടുംബങ്ങൾ, മണ്ണിൽ നട്ടുവളർത്തിയ ജീവിത മാർഗം ഉപേക്ഷിക്കാൻ കെൽപ്പില്ലാത്തവർ. പക്ഷേ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും ജീവിക്കണം. അതിനായി ഈ 11 കുടുംബങ്ങൾ ജീവനും ജീവിതവും നല്‍കിയ കാട് ഉപേക്ഷിക്കുകയാണ്.കാസർകോട് പനത്തടി അച്ചംപാറ - വാഴക്കോൽ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് പിന്നിലൊരു കഥയുണ്ട് (Kasargod Vazhakol Colony).
പതിറ്റാണ്ടുകളായി വനത്തിനുള്ളിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് ഇവര്‍. വനത്തിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് വേണം ഇവര്‍ക്ക് വീട്ടിലേക്കെത്താൻ. അരി വാങ്ങാനും ആശുപത്രിയില്‍ പോകാനും കുട്ടികൾക്ക് സ്‌കൂളില്‍ പോകാനും ഈ ദുർഘട പാത താണ്ടണം. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ഉറ്റവരുടെ ജീവൻ പൊലിയുന്നത് കണ്ടുനിന്നവരാണ് ഇവർ.
റോഡ് സൗകര്യം മാത്രമല്ല വന്യമൃഗങ്ങളുടെ ശല്യവും, കുടിവെള്ള ക്ഷാമവും ദുരിതം ഇരട്ടിയാക്കി. പരാതിയുമായി മുട്ടാത്ത വാതിലുകളില്ല. വനത്തിലൂടെ പാത നിർമിക്കാൻ വനംവകുപ്പിന്‍റെ അനുമതിയില്ലാത്തതാണ് തടസം. അതിനു സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്നാണ് വനം വകുപ്പ് പറയുന്നത് (kerala forest tribal area).
38 ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 17 കുടുംബങ്ങൾ കാടിറങ്ങി. ബാക്കിയുള്ള 11 കുടുംബങ്ങളാണ് അവസാന പ്രതീക്ഷയും നഷ്‌ടമായി കാടിറങ്ങുന്നത്.