തിരുവനന്തപുരം : തിരുവനന്തപുരം - കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്‍റെ പേരില്‍ തലസ്ഥാന ജനതയുടെ കുടിനീര്‍ മുട്ടിയത് തുടര്‍ച്ചയായി നാല് ദിവസം. അഞ്ചാം ദിവസമായ ഇന്നും (09-09-2024) ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. കുളിക്കാനും നനയ്ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ നഗരത്തിലെ 5 ലക്ഷത്തോളം പേര്‍ വലഞ്ഞതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജല അതോറിട്ടിക്കും ജില്ല ഭരണ കൂടുത്തിനുമാണെന്ന് പരാതി ഉയരുന്നു.
ഇത്രയും വലിയ പ്രവൃത്തി സംബന്ധിച്ച കാര്യങ്ങള്‍ മുന്‍ കൂട്ടി മനസിലാക്കാനാകാത്തത് ജല അതോറിട്ടി എന്‍ജിനീയറിങ് വിഭാഗത്തിന്‍റെയും ജില്ല ഭരണ കൂടത്തിന്‍റെയും തിരുവനന്തപുരം കോര്‍പ്പറേഷന്‍റെയും വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്‌നത്തിന്‍റെ ഗൗരവമുള്‍ക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇവര്‍ക്ക് സംഭവിച്ച വീഴ്‌ചയാണ് നഗരവാസികളെ 5 ദിവസത്തോളം ദുരിതത്തിലാഴ്ത്തിയത്.
ദുരിതം സഹിക്കാനാകാതെ ജനം വീട് പൂട്ടി നാടുവിടുകയായിരുന്നു. തിരുവനന്തപുരം - നാഗര്‍കോവില്‍ രണ്ടാം പാതയുടെ നിര്‍മാണത്തിന്‍റെ ഭാഗമായി നിര്‍മാണത്തിന് തടസമായ പൈപ്പുകള്‍ മാറ്റാന്‍ ഒരു വര്‍ഷം മുന്‍പ് റെയില്‍വേ ജല അതോറിട്ടിയോട് ആവശ്യപ്പെട്ടു എന്ന് മാത്രമല്ല, ഇതിനായി 10 കോടി രൂപ ജല അതോറിട്ടിക്ക് റെയില്‍വേ കൈമാറുകയും ചെയ്‌തിരുന്നു.
തുക കൈപ്പറ്റിയ ജല അതോറിട്ടി ഇത്രയും കാലവും ഒന്നും ചെയ്‌തില്ലെന്നാണ് വിമര്‍ശനം. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ പൊടുന്നനേ പൈപ്പ് മാറ്റല്‍ തുടങ്ങി. അയിരാണിമുട്ടത്തെ 70 എംഎല്‍ഡി ശേഷിയുള്ള ടാങ്കില്‍ നിന്ന് 700 എംഎം പൈപ്പ് വഴി വട്ടിയൂര്‍കാവ്, പിടിപി നഗര്‍, പൂജപ്പുര, ജഗതി, സിഐടി റോഡ്, കിള്ളിപ്പാലം, മണക്കാട് ഭാഗങ്ങളില്‍ വെള്ളമെത്തിക്കുന്ന പൈപ്പിന്‍റെ നേമം ഭാഗത്തെ 700 എംഎം പൈപ്പിന്‍റെ 50 മീറ്റര്‍ ഭാഗം മാറ്റി സ്ഥാപിക്കുന്നതിനുള്ള പണിയാണ് തുടങ്ങിയത്.
ഒരു ദിവസം 33 വാര്‍ഡുകളില്‍ പൂര്‍ണമായും 14 വാര്‍ഡുകളില്‍ ഭാഗികമായും വെള്ളം മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. അയിരാണിമുട്ടത്തെയും നേമത്തെയും ടാങ്കുകളില്‍ അരുവിക്കര നിന്ന് വെള്ളമെത്തിച്ച ശേഷമാണ് ഇത്രയും വാര്‍ഡുകളിലേക്ക് വിതരണം നടത്തുന്നത്. ഇവിടേക്കുള്ള പമ്പിങ് പൂര്‍ണമായും നിര്‍ത്തിവച്ച ശേഷമായിരുന്നു പണി ആരംഭിച്ചത്. വെള്ളം ഒരു ദിവസത്തേക്ക് മാത്രം മുടങ്ങുമെന്ന വാട്ടര്‍ അതോറിട്ടിയുടെ വാക്കു വിശ്വസിച്ച നഗരവാസികളാണ് നാല് ദിവസം വെള്ളമില്ലാതെ ദുരിതത്തിലായത്.
വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് വികെ പ്രശാന്ത് എംഎല്‍എ : ഞായറാഴ്‌ച രാത്രിയോടെ പമ്പിങ് പുനരാരംഭിച്ചെങ്കിലും നഗരത്തിലെ ഉയര്‍ന്ന മേഖലകളില്‍ ഇനിയും വെള്ളം എത്തിയിട്ടില്ലെന്ന് സിപിഎം നേതാവും വട്ടിയൂര്‍കാവ് എംഎല്‍എയുമായ വികെ പ്രശാന്ത് പറഞ്ഞു. ഇന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത് പ്രശ്‌നം അതീവ ഗൗരവമാണെന്നതിന്‍റെ തെളിവാണ്. നഗരവാസികളെ ഇത്രയും ദിവസം വെള്ളമില്ലാതെ ബുദ്ധിമുട്ടിച്ചതിന് ഉത്തരവാദികളായ വാട്ടര്‍ അതോറി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തില്‍ ഇതിലും വലിയ പൈപ്പ് പൊട്ടലുകളുണ്ടായിട്ടും ഇത്രയും ദിവസം ജനം വെള്ളമില്ലാതെ വലഞ്ഞിട്ടില്ല. ഇത് നഗരത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. ഇതിന് വാട്ടര്‍ അതോറിട്ടിയാണ് ഉത്തരവാദി. ഈ ഒരവസ്ഥ ഉണ്ടാക്കിയതിന് ഉത്തരവാദികളായ ജല അതോറിട്ടി ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് മുന്‍ മേയര്‍ കൂടിയായ പ്രശാന്ത് ആവശ്യപ്പെട്ടു. അത്രയേറെ ജനരോഷം ജനപ്രതിനിധികള്‍ക്ക് നേരെ ഉയര്‍ന്നതാണ് പ്രശാന്തിന്‍റെ മുഖം നോക്കാതെയുള്ള വിമര്‍ശനത്തിന് കാരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Also Read: തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; പമ്പിങ് ആരംഭിച്ചു, വിതരണം ഭാഗികമായി പുനസ്ഥാപിച്ചു