എറണാകുളം: വടകരയിലെ ‘കാഫിർ’ പ്രയോഗമടങ്ങിയ വാട്‌സ്‌ആപ്പ് സന്ദേശ വിവാദത്തിൽ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് കേസെടുത്ത യൂത്ത് ലീഗ് പ്രവർത്തകൻ പികെ മുഹമ്മദ് ഖാസിം നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് പൊലീസിന് കോടതി നോട്ടീസ് അയച്ചത്.
പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോഴിക്കോട് റൂറൽ എസ്‌പിക്ക് നിർദേശം നൽകി. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാസിമിൻ്റെ ഹർജി. തന്‍റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും, താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും ഖാസിമിന്‍റെ ഹർജിയിൽ പറയുന്നുണ്ട്. വിവാദ വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ദിവസമാണ് വിവാദ കാഫിർ പ്രയോഗമടങ്ങിയ വാട്ട്സ്‌ആപ്പ് സ്ക്രീൻഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിന്‍റെ പേരിലായിരുന്നു സ്ക്രീൻ ഷോട്ട്. തുടർന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ALSO READ: 'സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം': ഹൈക്കോടതി