തിരുവനന്തപുരം : വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകർന്ന് അപകടമുണ്ടായ സംഭവത്തിൽ ടൂറിസം ഡയറക്‌ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്.
റിപ്പോർട്ടിൽ പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്‌ച ഉണ്ടായെന്ന കണ്ടെത്തലുണ്ടെന്നാണ് സൂചന. ജോയ് വാട്ടർ സ്പോർട്‌സ് എന്ന കമ്പനിക്കാണ് വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ നടത്തിപ്പ് ചുമതല. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
മാർച്ച് 9ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തിൽ പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. അനധികൃതമായി നൂറുകണക്കിനാളുകൾ ബ്രിഡ്‌ജിൽ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ കൈവരി തകർന്ന് വിനോദ സഞ്ചാരികൾ കടലിൽ വീഴുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് വിനോദ സഞ്ചാര വകുപ്പ് വർക്കല ക്ലിഫിന് സമീപം ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിച്ചത്.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഫ്ലോട്ടിങ്ങിന്‍റെ ബ്രിഡ്‌ജിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്. അപകടം നടന്നയുടൻ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി ഗാർഡും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടന്ന സമയം പാലത്തിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരമാല രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.