തിരുവനന്തപുരം: പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനില്‍ വീട്ടമ്മയെ വെടി വച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -11 ആണ് കേസ് പരിഗണിക്കുന്നത്. വീട്ടമ്മയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനായി പ്രതിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി ഇത് അനുവദിക്കുകയും ചെയ്‌തു. പ്രതിയുടെ രക്‌ത സാമ്പിളും ശേഖരിക്കണം. ഇതിനിടെ കൊല്ലം സ്വദേശിയായ പ്രതിയുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവായ സുജിത്ത് നായര്‍ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് കൊല്ലം കോടതിക്ക് കൈമാറി. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് 2021 ആഗസ്റ്റ് മാസം സുജിത്ത് നായര്‍ പ്രതിയെ പീഡിപ്പിച്ചെന്നും ഇതിനു ശേഷം പെട്ടന്ന് സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണ് വീട്ടമ്മയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുളളത്.
സുജിത്ത് നായര്‍ക്കെതിരെ ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണ് പ്രതി വീട്ടമ്മയുടെ വീട്ടില്‍ എത്തിയത്.
കൊറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് പ്രതി തന്‍റെ പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്ന് എയര്‍ പിസ്റ്റള്‍ എടുത്ത് വീട്ടമ്മയെ വെടിവച്ചത്. തലയില്‍ കൊളളാതിരിക്കാന്‍ കൈ കൊണ്ട് മുഖം മറയ്ക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറിയത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെല്ലറ്റ് പൊലീസ് തെളിവിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Also read:വഞ്ചിയൂര്‍ വെടിവയ്‌പ്പ്: പ്രതിയുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരെ കേസ്