തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയതുറ കടൽപ്പാലം രണ്ടായി തകര്‍ന്ന് വീണു. ഇന്ന് രാവിലെയാണ് പാലം തകര്‍ന്ന് വീണത്. 1800കളില്‍ കപ്പലില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി നിര്‍മിച്ച പാലമായിരുന്നു ഇത്.
പണ്ട് കാലത്ത് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു വലിയ തുറ. വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന പേരില്‍ വലിയതുറ പണ്ടുമുതല്‍ക്കേ പ്രസിദ്ധമാണ്. വലിയതുറ കടൽപ്പാലം 1825-ലാണ് (കൊല്ല വര്‍ഷം 1000) പണി കഴിപ്പിച്ചത്.
1947 നവംബർ 23ന് എസ്‌എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ കപ്പൽപ്പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന് ചരക്ക് കടത്തൽ നിലച്ചു. പിന്നീട് 1956-ലാണ് ഇന്നുള്ള കടൽപ്പാലം പുനർനിർമിച്ചത്. പാലം അപകടാവസ്ഥയില്‍ ആയതുകൊണ്ട് തുറമുഖവകുപ്പ് സന്ദർശനം നിരോധിച്ച് പാലത്തിന് സമീപത്തായി പരസ്യപലക സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
എങ്കിലും നിരവധി സന്ദർശകരും മീൻപിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. പാലം സംരക്ഷിക്കാൻ മാറിവന്ന സർക്കാരുകൾ മുൻകൈ എടുത്തില്ലെന്നും അതാണ് പാലം പൊളിയാൻ കാരണമായതെന്നുമാണ് വലിയതുറ ഇടവകയുടെയും മറ്റു സംഘടനകളുടെയും ആരോപണം.