പട്‌ന: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ സഹോദരന്‍റെ ഭാര്യയും മകനും ചേർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി. തൂണിൽ കെട്ടിയിട്ട് മർദിച്ച ശേഷമാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. 30കാരനായ സുധീർ കുമാറിനെ സഹോദര ഭാര്യ നീതു ദേവിയും മകനും ചേർന്ന് മർദിക്കുകയും തുടർന്ന് വീടിന് പുറത്തുള്ള തൂണിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് മുസാഫർപൂർ റൂറൽ എസ്‌പി വിദ്യാ സാഗർ പറഞ്ഞു.
സംഭവത്തിൽ നീതു ദേവിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മകൻ ഒളിവിൽ തുടരുകയാണ്. സക്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പിൽഖി ഗജപതി സ്വദേശിയാണ് കൊല്ലപ്പെട്ട സുധീർ കുമാർ. വ്യാഴാഴ്‌ച രാത്രി 10 മണിയോടെ സുധീറും നീനുവും തമ്മിൽ തർക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശേഷം നാട്ടുകാർ ഇടപെട്ട് തർക്കം അവസാനിപ്പിച്ചിരുന്നു.
എന്നാൽ രാത്രി വീണ്ടും സുധീറും നീതുവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് നീതു അയാളെ ഒരു വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു. ശേഷം മകനുമായി ചേർന്ന് സുധീറിന്‍റെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മരിച്ച സുധീർ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയും ആണെന്ന് പിൽഖി ഗജപതി പഞ്ചായത്ത് പ്രസിഡന്‍റ് പ്രജ്ഞാ കുമാരി പറഞ്ഞു. അതാകാം വീട്ടിൽ ആവർത്തിച്ചുള്ള തർക്കങ്ങൾക്ക് കാരണമെന്നും അത് കൊലപാതകത്തിൽ കലാശിച്ചതാവാമെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ വർഷം സുധീർ മദ്യപിച്ച് ഒരു ഗോതമ്പ് പാടത്തിന് തീയിട്ടതായും അതുമൂലം കുടുംബത്തിന് ലക്ഷക്കണക്കിന് നഷ്‌ടമുണ്ടായതായും പഞ്ചായത്ത് മേധാവി പറഞ്ഞു. ആ സമയത്തും സുധീർ കുമാർ കുടുംബാംഗങ്ങളുമായി വഴക്കിട്ടിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ കഠിനമായി മർദിക്കുകയും ചെയ്‌തിരുന്നതായി പ്രജ്ഞാ കുമാരി കൂട്ടിച്ചേർത്തു.