എറണാകുളം: വടകര തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടേഴ്‌സ് എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ്. ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.13ന് ഗ്രൂപ്പിൽ മെസേജ് ഇട്ടത് റിബേഷ് എന്നയാളാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ക്രീൻഷോട്ട് രണ്ടാമത് റെഡ് ബറ്റാലിയൻ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.34ന് അമൽറാം എന്നയാൾ പോസ്റ്റ് ചെയ്തെന്നും പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എവിടെ നിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന കാര്യം അന്വേഷണത്തിൽ റിബേഷ് വെളിപ്പെടുത്തിയിട്ടില്ലെന്നും അനുബന്ധ റിപ്പോർട്ടിൽ പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ വടകര തെരഞ്ഞെടുപ്പിലെ വ്യാജ കാഫിർ പ്രയോഗ സ്ക്രീൻഷോട്ട് വിവാദത്തിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസ് സാവകാശം തേടിയിരിക്കുകയാണ്. ഈ മാസം 21 വരെയാണ് പൊലീസ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് വടകര പൊലീസ് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പികെ ഖാസിമിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു. സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ല എന്ന് വ്യക്തമായി.
കേസിൽ ഫേസ്ബുക്ക് നോഡൽ ഓഫിസറെ പ്രതിയാക്കിക്കൊണ്ട് പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ ഫേസ്ബുക്ക് പേജുകളിലാണ് വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.
സൈബർ ടീമിൻ്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നുവെന്നും പൊലീസ് കോടതിയെ കഴിഞ്ഞ തവണ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി പികെ ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Also Read: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് ഹൈക്കോടതി