കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തീപാറും പോരാട്ടം നടന്ന വടകരയിൽ പോളിങ് അവസാനിച്ചത് വോട്ടെടുപ്പ് ദിനം (ഏപ്രില്‍ 26) രാത്രി 11:43ന്. കുറ്റ്യാടി മണ്ഡലത്തിലെ 141-ാം നമ്പര്‍ ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം വോട്ടെടുപ്പ് തീര്‍ന്നത്. 2019ലെ 82.65ൽ നിന്ന് വോട്ടിങ് ശതമാമാനം 77.66ലേക്ക് കുറഞ്ഞതിന്‍റെ കണക്ക് കൂട്ടലുകളിലാണ് മണ്ഡലത്തിലെ പ്രധാന മുന്നണികൾ.
- വടകര: 79.08%
- കുറ്റ്യാടി: 77.64%
- നാദാപുരം: 77.30%
- കൊയിലാണ്ടി: 76.72%
- പേരാമ്പ്ര: 79.40%
- തലശ്ശേരി: 76.01%
- കൂത്തുപറമ്പ്: 76.31%
ഇങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം. ഇതിൽ പേരാമ്പ്രയും വടകരയും മികച്ച പ്രകടനം കാഴ്‌ചവെച്ചപ്പോൾ ഇടതിനും വലതിനും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, കൊയിലാണ്ടിയും തലശ്ശേരിയും കൂത്തുപറമ്പും നദാപുരവും വോട്ടിങ് കുറഞ്ഞത് യുഡിഎഫിനാണ് ചങ്കിടിപ്പുണ്ടാക്കുന്നത്. ഏത് തെരഞ്ഞെടുപ്പായാലും ഇടത് പാർട്ടികൾ പരമാവധി വോട്ട് ചെയ്യിപ്പിക്കും എന്നതാണ് വിശ്വാസം.
എന്നാൽ, വിരുദ്ധ രാഷ്ട്രീയത്തിൽ ഇടത് പാളയത്തുള്ളവരും പങ്കാളികളായപ്പോൾ വിശ്വാസങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ബൂത്ത് തലം തൊട്ട് 'പ്രതീക്ഷകൾ' കൂട്ടുക്കിഴിച്ചുകൊണ്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. വ്യക്തമായ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്ത് വരും. ചുരുക്കത്തിൽ പോളിങ് ശതമാനം കുറഞ്ഞതിൽ വോട്ടിങ് നടപടികളിലെ മെല്ലെപ്പോക്ക് നന്നായി ബാധിച്ചിട്ടുണ്ട് എന്നാണ് പൊതു വിലയിരുത്തൽ.
Also Read : കേരളം വിധിയെഴുതി: വോട്ടിങ് സമാധാനപൂര്‍ണം; പോളിങ് ശതമാനത്തില്‍ ഇടിവ് - Lok Sabha Election 2024 Kerala