കണ്ണൂര്‍ : മാഹി കൂടി ഭാഗമാകുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ലോക്‌സഭ മണ്ഡലത്തില്‍ സിറ്റിങ് എംപിയായ കോണ്‍ഗ്രസിലെ വി വൈത്തിലിംഗം ഇത്തവണയും മത്സരിക്കും. തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുന്നതോടെ പുതുച്ചേരി ലോക്‌സഭ മണ്ഡലത്തില്‍ ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ഥിയായി വൈത്തിലിംഗമെത്തും (V Vaithilingam To Contest In Puducherry Lok Sabha Constituency).
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേയും തമിഴ്‌നാട്ടിലേയും സീറ്റ് ചര്‍ച്ചകള്‍ ഒരുമിച്ചാണ് നടത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈത്തിലിംഗത്തിന്‍റെ കാര്യത്തില്‍ ഇരു കക്ഷികളും തമ്മില്‍ തര്‍ക്കമൊന്നുമില്ല. മുന്‍ പുതുച്ചേരി മുഖ്യമന്ത്രി കൂടിയായിരുന്ന വൈത്തിലിംഗം 56.27 ശതമാനം വോട്ട് നേടിയാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.
എന്‍ആര്‍ കോണ്‍ഗ്രസിലെ നാരായണസാമി കേശവനായിരുന്നു മുഖ്യ എതിരാളി. 1,97,025 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വൈത്തിലിംഗം വിജയക്കൊടി പാറിച്ചത്. ഏപ്രില്‍ 19 നാണ് പുതുച്ചേരിയില്‍ വോട്ടെടുപ്പ് നടക്കുക. മാഹി, യാനം, കാരക്കല്‍, പുതുച്ചേരി മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ഈ ലോക്‌സഭ മണ്ഡലം.
ALSO READ:തമിഴ്‌നാട് സീറ്റ് വിഭജനം : കോയമ്പത്തൂരിൽ ഡിഎംകെ, സിപിഎമ്മിന് ഡിണ്ടിഗല്‍ ; സിപിഐയ്‌ക്ക് പഴയ സീറ്റുകൾ
മാര്‍ച്ച് 20 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 27ാം തിയ്യതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 28നാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി 30 ആണ്. ഔദ്യോഗികമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈത്തിലിംഗമാണെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രമേഷ് പറമ്പത്ത് 300 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാഹിയില്‍ നിന്നും നിയമസഭയിലേക്ക് എത്തിയത്. ആ ഭൂരിപക്ഷത്തില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വര്‍ധനവുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് മാഹി റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിവരുന്നത്.