തിരുവനന്തപുരം: പാലക്കാട് റെയില്‍വേ സ്‌കൂളില്‍ കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത് ശരിയല്ലെന്നും നൂറു ശതമാനം വിജയമെന്ന പ്രചരണത്തിനായി കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
മാര്‍ച്ച് 5 ന് നടന്ന ഫിസിക്‌സ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ സംബന്ധിച്ച് ഇടപെടാന്‍ പ്രിന്‍സിപ്പലിന് യാതൊരു അധികാരവും ഇല്ല. ഇത്തരം ഇടപെടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ പരീക്ഷാ ഹാളില്‍ കൊണ്ടു പോകുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴയില്‍ പരീക്ഷാ ഹാളില്‍ നിന്ന് അദ്ധ്യാപകരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. മൊബൈല്‍ ഫോണ്‍ കൊണ്ടുപോയ അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.