തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല (Attukal Pongala) നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്‌തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സാധാരണ രീതിയിലുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചതായും 24 വകുപ്പുകളാണ് ഇതുമായി സഹകരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു.
എല്ലാവരും യോഗത്തിൽ പങ്കെടുത്തു. പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി സംതൃപ്‌തി രേഖപ്പെടുത്തി. ചൂട് കൂടുന്നതുകൊണ്ട് ശ്രദ്ധിക്കുക എന്നതാണ് പരിഹാര മാർഗം. ധാരാളം കുടിവെള്ളം എത്തിക്കും.
വേണ്ടത്ര ആരോഗ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചു. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്‍റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല കലക്‌ടർ ജെറോമിക് ജോര്‍ജ്, സബ്‌കലക്‌ടർ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആറ്റുകാല്‍ ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടക്കമായി. ഫെബ്രുവരി 25-ാം തീയതി ഞായറാഴ്‌ചയാണ് പൊങ്കാല നടക്കുന്നത്. 2025ലെ കുത്തിയോട്ടത്തിനായുള്ള രജിസ്‌ട്രേഷന്‍ 2024 നവംബര്‍ 16ന് ആരംഭിക്കും. ഓഫിസ് മുഖാന്തരവും ഓണ്‍ലൈനായും ബുക്ക് ചെയ്യാവുന്നതാണ്.