തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായം നഷ്‌ടപ്പെടുത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ വിഭാഗങ്ങൾക്ക് കേന്ദ്രം നൽകി വരുന്ന പദ്ധതി വിഹിതങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂവച്ചല്‍ പഞ്ചായത്ത് കോവില്‍വിള ആറാം വാര്‍ഡിലെ എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട തുക മുഴുവന്‍ ഡല്‍ഹിയില്‍ നിന്ന് നല്‍കിയിട്ടും കള്ളക്കഥയുമായി നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തിനെന്ന് പിണറായി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ഓരോ പൈസയുടെയും കണക്ക് വേണമെന്ന് നിര്‍ബന്ധമുള്ള പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. നവകേരള സദസ് കൊണ്ട് സാധാരണക്കാരന് കാല്‍ക്കാശിന്‍റെ പ്രയോജനമില്ലെങ്കിലും പഞ്ചായത്തുകളേയും നഗരസഭകളെയും കച്ചവടക്കാരെയുമെല്ലാം പിഴിഞ്ഞ് ഭരണകക്ഷി കോടികള്‍ സമ്പാദിച്ചു.
ഡൽഹിയിൽ ഒരുമണിക്കൂർ സമരത്തിന് ഒരു കോടി രൂപയാണ് പിണറായി വിജയനും കൂട്ടരും ചെലവാക്കിയത്. ഒന്നേമുക്കാൽ കോടി കൈക്കൂലി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ കോടതി കയറിയിറങ്ങുന്നു. അഴിമതിക്കാരെ നരേന്ദ്ര മോദി സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേര്‍ത്തു.