എറണാകുളം : ബേപ്പൂരിന് പടിഞ്ഞാറ് പുറംകടലിൽ നിന്ന് കോസ്‌റ്റ് ഗാർഡ് പിടികൂടി കൊച്ചിയിൽ എത്തിച്ച ഉരു, സയ്യിദ് സൗദ് അൻസാരി എന്ന ഇറാനിയൻ സ്പോൺസറുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
മാർച്ച് 26 മുതൽ ഇറാൻ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് ഇറാനിയൻ വിസ നൽകി ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കരാർ നൽകുകയായിരുന്നു. എന്നാൽ സ്‌പോൺസർ തങ്ങളോട് മോശമായി പെരുമാറിയെന്നും അടിസ്ഥാന ജീവിത സാഹചര്യങ്ങൾ ഒരുക്കി നൽകിയില്ലെന്നും ജീവനക്കാർ ആരോപിക്കുന്നതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
സ്‌പോൺസർ ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു. ഇതോടെ മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്ന അതേ ബോട്ട് ഉപയോഗിച്ച് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ നിത്യാതൈലൻ, കവിശ് കുമാർ, മുനീശ്വരൻ, അരുൺ കുമാർ, രാജേന്ദ്രൻ, മരിയ ഡാനിൽ തുടങ്ങിയ ആറ് മത്സ്യ തൊഴിലാളികളായിരുന്നു ഉരുവിലുണ്ടായിരുന്നത്.
കോസ്‌റ്റ്ഗാർഡിന്‍റെ പരിശോധനയിൽ കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഉരു കണ്ടെത്തിയത്. ഇന്ധനം തീർന്ന് പുറം കടലിൽ കുടുങ്ങിയ നിലയിലായിരുന്നു ഇവർ സഞ്ചരിച്ച ഉരു. ഇന്ത്യയുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ സമുദ്ര മേഖലകളിൽ ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ഐസിജിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് ഈ സംഭവം അടിവരയിടുന്നതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
കോസ്റ്റ് ഗാർഡിൻ്റെ ബോർഡിങ് ടീമാണ് ബോട്ടിൽ കയറി പരിശോധന നടത്തുകയും ബോട്ടിലുള്ളത് ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു ശേഷമാണ് ഇറാനിയൻ ബോട്ടും മത്സ്യത്തൊഴിലാളികളെയും കൊച്ചിയിലെത്തിച്ചത്.
ALSO READ: ചാലിയത്ത് ബോട്ടുകൾ കത്തി നശിച്ചു