ഭിവാനി (ഹരിയാന): ഹിന്ദുമതം സ്വീകരിച്ച് ഉക്രേനിയൻ യുവതി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ജഹർഗിരി ആശ്രമത്തിൽ വച്ചാണ് മരിയ എന്ന യുവതി ഹിന്ദുമതം സ്വീകരിച്ചത്. മതപരിവർത്തനത്തോട് അനുബന്ധിച്ച് യുവതി തന്‍റെ പേര് കരണേശ്വരി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു.
ആയുർവേദത്തിൽ ഗവേഷണം നടത്തുകയായിരുന്ന മരിയ 2016 മുതൽ ഇന്ത്യയിലാണ് താമസം. ഇക്കാലയളവിലാണ് അവർ ഹിന്ദുമതത്തിൽ സ്വാധീനിക്കപ്പെട്ടത്. തുടർന്ന് മതപരിവർത്തനം നടത്താൻ തീരുമാനിക്കുകയായിരുന്നു. കുറച്ച് കാലം മുൻപ് റഷ്യൻ പൗരന്മാരായ ഏതാനും പേർ ചോട്ടി കാശി എന്നറിയപ്പെടുന്ന ഭിവാനിയിൽ എത്തി ഹിന്ദു മതം സ്വീകരിച്ചതായും റിപ്പോർട്ട് ചെയ്‌തിരുന്നു.
കൊറോണ കാലഘട്ടത്തിൽ പോലും നാല് മാസത്തോളം ഇന്ത്യയിൽ താമസിച്ച് ഗവേഷണം തുടർന്നയാളാണ് മരിയയെന്ന് മഹാമണ്ഡലേശ്വർ സംഘം ഗിരി മഹാരാജ് പറഞ്ഞു. "ആയുർവേദത്തിലൂടെ പല രോഗങ്ങൾക്കും എളുപ്പത്തിൽ ചികിത്സിക്കാമെന്ന് മനസിലാക്കിയ മരിയ സനാതന സംസ്‌കാരവും മനസിലാക്കുകയായിരുന്നു. തുടർന്ന് അതിൽ ആകൃഷ്‌ടയായ യുവതി ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും "ഗിരി മഹാരാജ് കൂട്ടിച്ചേർത്തു.
കരണേശ്വരിയുടെ മൂന്ന് മക്കളിൽ മകൾ ജ്യോതിഷത്തിൽ ഗവേഷണം നടത്തുകയാണെന്നും മൂന്നുപേരും ഉടൻ തന്നെ ഹിന്ദുമതം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സനാതന സംസ്‌കാരത്തെ അടുത്തറിയാൻ തനിക്ക് അവസരം ലഭിച്ചതായി ഹിന്ദുമതം സ്വീകരിച്ചതിന് ശേഷം കാരണേശ്വരി പ്രതികരിച്ചു. അടുത്ത് തന്നെ താൻ ഉക്രെയ്ൻ സന്ദർശിക്കുമെന്നും അവിടെയുള്ളവരോട് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് പറയുമെന്നും കരണേശ്വരി പറഞ്ഞു.