കാസർകോട് : കുഴിമന്തിക്ക് ഈ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ കുഴിമന്തി ചലഞ്ചിന്‍റെ ചർച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കാസർകോട് മണ്ഡലം. രാജ്‌മോഹൻ ഉണ്ണിത്താന് എതിരെ എൽഡിഎഫിന്‍റെ സൈബർ ടീം ഒരുക്കിയ കുഴിമന്തി ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കുഴിമന്തി ചലഞ്ചുമായി രാജ്മോഹൻ ഉണ്ണിത്താനെ പ്രതിരോധത്തിലാക്കിയ സൈബർ സഖാക്കൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് യുഡിഎഫിന്‍റെ സൈബർ ടീം. കുഴിമന്തി തന്നെ അവരും ഏറ്റു പിടിച്ചു. കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ എൽഡിഎഫ് മണ്ഡലം കമ്മിറ്റികളാണ് ആദ്യം കുഴിമന്തി ചലഞ്ചുമായി എത്തിയത്.
ആദ്യം പ്രാദേശിക വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയ സൈബർ സഖാക്കൾ പിന്നീട് ചർച്ചകൾ പൗരത്വ നിയമ ഭേദഗതിയിലെത്തിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്‍റില്‍ എൻആർസി, സിഎഎ വിഷയത്തെ എതിർത്ത് ചർച്ച ചെയ്യുന്ന വീഡിയോ അയക്കുന്നവർക്ക് ആണ് എൽഡിഎഫ് ഫുൾ കുഴിമന്തി സമ്മാനം പ്രഖ്യാപിച്ചത്.
എൽഡിഎഫിന്‍റെ മഞ്ചേശ്വരത്തെ നവ മാധ്യമ സമിതിയായിരുന്നു ഇതിനു പിന്നിൽ. രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ പറമ്പ് പഞ്ചായത്തിൽ പൂർത്തീകരിച്ച ഏതെങ്കിലും ഒരു പദ്ധതിയുടെ ഫോട്ടോ അയക്കുന്നവർക്കും കുഴിമന്തി സമ്മാനമായി നൽകുമെന്ന് പിന്നാലെ പ്രഖ്യാപനം വന്നു. എൽഡിഎഫ് നവ മാധ്യമ സമിതി വലിയ പറമ്പയായിരുന്നു ഈ ഓഫർ വെച്ചത്.
പിന്നാലെ മന്തി ചലഞ്ചിന് മറുപടി വിഡിയോയുമായി യുഡിഎഫ് ടീമുമെത്തി. ആദ്യ മറുപടി വലിയപറമ്പിലെ സഖാകൾക്ക്. എംപി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും പാർലമെന്‍റിലെ ഇടപെടലുകളും പറയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പൗരത്വ ഭേദഗതി പോസ്റ്ററിനും മറുപടി പറയുന്ന വീഡിയോയും യുഡിഎഫ് കേന്ദ്രങ്ങള്‍. യുഡിഎഫിന്‍റെ വീഡിയോകൾക്കുള്ള മറുപടി എൽഡിഎഫ് പാളയത്തിലും ഒരുങ്ങുന്നുണ്ട്. വരും ദിവസങ്ങളിൽ മന്തി ചർച്ചയ്ക്ക് ഡിമാൻഡ് കൂടുമെന്നാണ് കാസര്‍കോടുകാര്‍ പറയുന്നത്.
ALSO READ: കാസര്‍കോട് എൽഡിഎഫിന്‍റെ 'കുഴിമന്തി' ചലഞ്ച്; പൊട്ടകുളത്തിലെ തവളയെന്ന് പുച്ഛിച്ച് ഉണ്ണിത്താന്‍