തിരുവനന്തപുരം : വെള്ളായണിയിൽ രണ്ടര വയസുകാരൻ നഴ്‌സറിയിൽ നിന്ന് തനിയെ വീട്ടിലെത്തിയ സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് (Nursery student CCTV visual). ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് വെള്ളായണി കാക്കാമൂലയിലെ നഴ്‌സറിയിൽ നിന്ന് രണ്ടര വയസുകാരൻ ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടില്‍ തനിച്ചെത്തിയത്. വിജനമായ റോഡിലൂടെ കുട്ടി തനിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നഴ്‌സറിയിലെ 30 കുട്ടികളെയും ആയയെ ഏൽപ്പിച്ച് അധ്യാപകർ കല്യാണത്തിന് പോയ സമയത്താണ് കുട്ടി തനിയെ വീട്ടിലേക്ക് പോയത്. കുട്ടി തനിച്ചെത്തിയത് കണ്ട രക്ഷിതാക്കൾ നഴ്‌സറിയിൽ വിവരം തിരക്കിയപ്പോഴാണ് കുട്ടി പോയ വിവരം അധികൃതര്‍ അറിയുന്നത്. ഇതോടെ നഴ്‌സറി അധികൃതർക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി.
ശിശുക്ഷേമ സമിതിയും പൊലീസും രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് നഴ്‌സറി അധികൃതരുടെ വീഴ്‌ച വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പുറത്തുവരുന്നത്. വീഴ്‌ചയുടെ സാഹചര്യത്തില്‍ നഴ്‌സറി അധികൃതർ അധ്യാപകരെ പുറത്താക്കുമെന്ന് അറിയിച്ചിട്ടുണ്ട്.