തൃശൂർ: ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി യാത്രക്കാരൻ. എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദാണ് ദാരുണമായി കൊല്ലപ്പെട്ടത്. എറണാകുളം-പട്‌ന എക്‌സ്‌പ്രസിലാണ് സംഭവം നടന്നത്. ഒഡീഷ സ്വദേശി രജനീകാന്ത് ആണ് പ്രതി. തൃശൂർ വെളപ്പായയിൽ വെച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ടിടിഇ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പ്രതിയായ രജനീകാന്ത് മദ്യപിച്ചിരുന്നു. പ്രതിയെ റെയിൽവേ പൊലീസ് പാലക്കാട് നിന്ന് പിടികൂടി. റെയിൽവേ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
എറണാകുളം-പട്‌ന എക്‌സ്‌പ്രസിലെ S11 കോച്ചിൽ വെച്ചാണ് ഇയാൾ ടിടിഇയെ തള്ളിയിട്ടത്. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ ഏഴ് മണിയോടെ തൃശൂര്‍ പിന്നിട്ടിരുന്നു.
സംഭവം ഇങ്ങനെ: സ്ലീപ്പർ ടിക്കറ്റ് എടുക്കാതെ മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്ന രജനികാന്തിനോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും ടിടിഇ അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് ട്രെയിനിൽ നിന്നും രജനീകാന്ത് ടിടിഇയെ തള്ളിയിടുകയായിരുന്നു.
വിനോദിൻ്റെ ശരീരത്തിലൂടെ സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് തൽക്ഷണം മരിച്ചു. ടിടിഇയെ തള്ളിയിട്ടതോടെ പ്രതിയെ യാത്രക്കാർ തടഞ്ഞുവെച്ചു. തുടർന്ന് ട്രെയിന്‍ പാലക്കാട് എത്തിയപ്പോൾ രജനികാന്തിനെ റെയിൽവേ പൊലിസ് കസ്‌റ്റഡിയിലെടുത്തു.
ടെക്‌നിക്കൽ സ്‌റ്റാഫായാണ് വിനോദ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. ഇരുപത് വർഷത്തോളമായി റെയിൽവേയിൽ സേവനം ചെയ്യുകയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വർഷം മുൻപാണ് ടിടിഇ ആയത്. റെയിൽവേ ജീവനക്കാരുടെ സംഘടന ഭാരവാഹിയായ അദ്ദേഹം ഒരു കലാകരൻ കൂടിയായിരുന്നു. വിനോദ് നിരവധി സിനിമകളിൽ ചെറിയ പൊലീസ് വേഷങ്ങളിൽ അഭിനയിച്ചിരുന്നു. റെയിൽവേ ജീവനക്കാർക്കിടയിലും കലാരംഗത്തും വലിയ സൗഹൃദമുള്ള വ്യക്തി കൂടിയായിരുന്നു കെ വിനോദ്.