കാസർകോട്: വനത്തില്‍ അതിക്രമിച്ചു കയറിയ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വനം വകുപ്പ് കേസെടുത്തു. ആക്കച്ചേരി റിസര്‍വ് വനത്തിലെ കമ്പല്ലൂരില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അനുമതി ഇല്ലാതെ അതിക്രമിച്ചു കയറിയതിനും ചെടികളും അടിക്കാടുകളും നശിപ്പിച്ചതിനുമാണ് കേസ്.
ചെറുപുഴ, പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷനുകളിലെ അസി. എന്‍ജിനിയര്‍മാരായ സനല്‍ പി സദാനന്ദന്‍, ജിജോ തോമസ്, സബ്. എന്‍ജിനിയര്‍മാരായ ഷിജോ, സലാഷ്, കോണ്‍ട്രാക്‌ടര്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കേസെടുത്തത്. അനുമതിയില്ലാതെ വനത്തിന് അകത്തേയ്ക്ക് പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനെ ഫോറസ്റ്റ് വാച്ചര്‍ ചോദ്യം ചെയ്‌തപ്പോള്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയെന്നാണ് പരാതി. വാച്ചറുടെ എതിര്‍പ്പ് മറികടന്ന സംഘം വനത്തിനകത്തെ വെള്ളച്ചാട്ടത്തിലേയ്ക്കും പോയതായി പരാതിയില്‍ പറയുന്നു. അതേസമയം ഈ സ്ഥലങ്ങളിൽ വ്യാപകമായി കുപ്പികൾ എറിഞ്ഞു ഉടക്കുന്നതായും ഇത് വന്യ മൃഗങ്ങൾക്ക് ഭീഷണി ആകുന്നതായും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് പോകുന്നവരാണ് കുപ്പികൾ വനത്തിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.