കോഴിക്കോട് : രാമനാട്ടുകരയിൽ തണൽമരം റോഡിലേക്ക് മുറിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മോതിരപ്പറമ്പത്ത് വീട്ടിൽ മൻസൂർ (43), പള്ളിക്കൽ ബസാർ കാപ്പിൽ വീട്ടിൽ സുധീർ (48), പണ്ടാരക്കണ്ടി വീട്ടിൽ സുനിൽകുമാർ (54) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളെ രാമനാട്ടുകര ക്രൈസ്‌റ്റ് ഹോസ്‌പിറ്റലിലും രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ (ജൂണ്‍ 26) രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. രാമനാട്ടുകര കെടിഡിസി ബിയർ പാർലറിന് സമീപത്തെ തണൽമരമാണ് റോഡിലേക്ക് മറിഞ്ഞ് വീണത്. മരം വീഴുന്ന സമയത്ത് ഇതുവഴി സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്.
മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. വിവരമറിഞ്ഞ് മീഞ്ചന്തയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് മരം മുറിച്ചു നീക്കിയത്. ഈ ഭാഗത്ത് കാലപ്പഴക്കം ചെന്ന നിരവധി മരങ്ങളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നത്.
ഏറെക്കാലമായി ഇത്തരം മരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട്. അതിനിടയിലാണ് ഇപ്പോൾ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റത്.
ALSO READ: കാറിന് മുകളിലേക്ക് മരം വീണ് അപകടം; ഒരാള്‍ മരിച്ചു, ഗർഭിണിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്