കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. ചുരത്തിലെ എട്ട്, ഒമ്പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ (ഡിസംബർ 09) രാത്രി ഏഴരയോടെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനംവകുപ്പ് ഉദ്യോഗസ്ഥർ മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. വയനാട് നിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. ജിം മാത്യു അടങ്ങിയ സംഘം സഞ്ചരിച്ച കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു.
കാറിന് മുന്നിലേക്ക് ചാടിയശേഷം ചുരത്തിന് മുകളിലെ കാട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ താമരശ്ശേരി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കടുവ ചുരം റോഡിലേക്ക് കയറിയ ഉടൻ ഇതുവഴി ഒരു ബൈക്ക് യാത്രികന്‍ എത്തിയിരുന്നു. എന്നാൽ കടുവയെ കണ്ട ഉടൻ തന്നെ ഭയന്ന് ബൈക്ക് വേഗം കൂട്ടി ഇയാൾ രക്ഷപ്പെട്ടു. കടുവ ചുരത്തിൽ ഇറങ്ങിയതായി അറിഞ്ഞതോടെ ചുരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വലിയ ഭീഷണിയാണ് ഉണ്ടാവുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.