ഇടുക്കി : മാങ്കുളത്ത് വനംവകുപ്പിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടയില്‍ മാങ്കുളം ഡി എഫ് ഒക്ക് സ്ഥലം മാറ്റം. മാങ്കുളം ഡി എഫ് ഒ ആയ കെ ബി സുബാഷിനെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തില്‍ അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായി നിയമിച്ചാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാങ്കുളത്ത് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹ സമരം തുടരുകയാണ്.
മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാങ്കുളം ജനകീയ സമരസമിതി വനംവകുപ്പിനെതിരെ രണ്ടാംഘട്ട സമരത്തിന് രൂപം നല്‍കിയിട്ടുള്ളത്. വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹ സമരം തുടരുന്നതിനിടയിലാണ് മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റിയത്.
അതേസമയം കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തില്‍ അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായിരുന്ന ഷാന്‍ട്രി ടോമിനെ മാങ്കുളം ഡി എഫ് ഒ ആയി നിയമിക്കുകയും ചെയ്‌തു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്നും അഡീഷണല്‍ സെക്രട്ടറി ഒപ്പിട്ടാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രത്യേക പരാമര്‍ശമുണ്ട്.
തിങ്കളാഴ്ച മുതലായിരുന്നു വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ ജനകീയ സമര സമിതി രണ്ടാംഘട്ട സമരമാരംഭിച്ചത്. മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റുകയെന്ന പ്രധാന ആവശ്യത്തിനൊപ്പം മാങ്കുളത്ത് വനം വകുപ്പ് നടത്തുന്ന കടന്ന് കയറ്റം അവസാനിപ്പിക്കുക, മാങ്കുളത്തെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മലയോര ഹൈവേയുടെ അലൈന്‍മെന്‍റ് മാറ്റിയ നടപടി പുനപരിശോധിക്കുക, രാജപാത തുറക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും വരെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയാണിപ്പോള്‍ സമരം തുടരുന്നത്. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്‍റെ ഭാഗമാകുന്നുണ്ട്.