തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിൽ പലയിടത്തും പാളത്തിലേക്ക് മരങ്ങൾ കടപുഴകി വീണ് തടസം സൃഷ്ടിച്ചതിനാൽ കോട്ടയം-ആലപ്പുഴ ട്രെയിൻ സർവീസ് തടസപ്പെട്ടു.
തകഴിയിൽ പാളത്തിലേക്ക് മരണം വീണതിനാൽ 06014 കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിൽ ട്രാക്കിൽ തടസം നേരിട്ടതിനാൽ എറണാകുളത്തു നിന്നും ആലപ്പുഴ, കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം.
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും മുകളിലായും രണ്ട് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.