ഹൈദരാബാദ്: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒരു കോടിയില്‍പ്പരം പേര്‍ കൊഴിഞ്ഞു പോയെന്ന് ട്രായിയുടെ വെളിപ്പെടുത്തല്‍. ഗ്രാമീണ മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏതാണ്ട് ഒരു ശതമാനത്തോളം (0.95%) പേരുടെ ഇടിവുണ്ടായി. ഫിക്‌സഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മാസം തോറും വര്‍ധന ഉണ്ടാകുന്നുണ്ടെന്നും ട്രായ് പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട ടെലിക്കോം വരിക്കാരുടെ പുതുക്കിയ പ്രതിമാസ സ്ഥിതി വിവരക്കണക്കുകളിലാണ് കൗതുകകരമായ ഈ വിവരങ്ങളുള്ളത്.
ട്രായ് പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്ത് ആകെ 94,44,40,000 ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. ഇവരില്‍ 90 കോടിയിലധികം പേരും മൊബൈല്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.
രാജ്യത്താകെയുളളത് 119 കോടി ഫോൺ ഉപയോക്താക്കള്‍: രാജ്യത്താകെ 119 കോടിയില്‍പ്പരം പേര്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇതില്‍ 115 കോടിയിലധികം മൊബൈല്‍ ഫോണോ മറ്റേതെങ്കിലും വയര്‍ലെസ് ഫോണ്‍ ഉപകരണങ്ങളോ ആണ് ഉപയോഗിക്കുന്നത്. 66,21,50,000 പേര്‍ നഗര മേഖലയില്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇതില്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നത് 3,40,00,000 പേര്‍ മാത്രമാണ്. ഗ്രാമീണ മേഖലയില്‍ 52,85,00,000 ത്തില്‍ അധികം ഫോണ്‍ ഉപഭോക്താക്കളുണ്ട്. ഇവരില്‍ 20 ലക്ഷം പേര്‍ മാത്രമാണ് ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ജിയോക്ക്: സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ് ജിയോ ആണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. 47,89,00,000 വരിക്കാരാണ് ജിയോക്കുള്ളത്. ഭാരതി എയര്‍ ടെല്ലാണ് രണ്ടാമത്. 28,51,00,000 ത്തില്‍പ്പരം വരിക്കാരാണ് എയര്‍ടെല്ലിനുളളത്. വോഡാഫോണ്‍ ഐഡിയ കമ്പനിക്ക് 12,63,00,000 ത്തിലേറെ വരിക്കാരും ബിഎസ്‌എന്‍എല്ലിന് 3,77,00,000 ത്തില്‍പ്പരം വരിക്കാരുമുണ്ട്.
മൂന്ന് സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരാണ് സെപ്റ്റംബര്‍ അവസാനം വരെ വിപണിയുടെ 91.85 ശതമാനവും കൈയാളുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ചേര്‍ന്ന് വിപണി വിഹിതത്തിന്‍റെ 8.15 ശതമാനം സ്വന്തമാക്കുന്നു.
വയേര്‍ഡ് ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തിലും മുന്നില്‍ ജിയോ: വയേര്‍ഡ് ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോ ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് 12 ലക്ഷത്തില്‍പ്പരം വരിക്കാരുമായി അഞ്ചാം സ്ഥാനത്തുണ്ട്. 84 ലക്ഷം വരിക്കാരുമായി ഭാരതി രണ്ടാം സ്ഥാനത്തും 42 ലക്ഷം വരിക്കാരുമായി ബിഎസ്എന്‍എല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഫിക്‌സഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മാസം തോറും വര്‍ധന ഉണ്ടാകുന്നു.
മൊബൈല്‍ ഡാറ്റ വരിക്കാരുടെ എണ്ണം ഇങ്ങനെ: മൊബൈല്‍ ഡാറ്റ വരിക്കാരുടെ എണ്ണത്തില്‍ ജിയോ ബഹുദൂരം മുന്നിലാണ്. 46,37,00,000 ത്തില്‍പ്പരം വരിക്കാരാണ് ജിയോക്കുള്ളത്. എയര്‍ ടെല്ലിന് 27,66,00,000 ത്തില്‍പ്പരവും വൊഡാഫോണ്‍ ഐഡിയയ്ക്ക് 12,63,00,000 ലക്ഷവും ബിഎസ്എന്‍എല്ലിന് 3 കോടി 35 ലക്ഷവും വരിക്കാരുണ്ട്.
വയര്‍ലെസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: വയര്‍ലെസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ (മൊബൈല്‍) ഒരു കോടിയില്‍പ്പരം ഇടിവ് ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയില്‍ സംഭവിച്ചതായി ട്രായി രേഖകള്‍ വ്യക്തമാക്കുന്നു. നഗര മേഖലകളിലും ഗ്രാമീണ മേഖലകളിലും ഒരു പോലെ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിലെ 63,32,00,000 ത്തില്‍ നിന്ന് ഉപഭോക്താക്കളുടെ എണ്ണം 62,81,00,000 ത്തിലേക്ക് കൂപ്പുകുത്തി. ഗ്രാമീണ മേഖലയില്‍ ഇത് 53,06,00,000 ത്തില്‍ നിന്ന് 52,56,00,000 ത്തിലേക്ക് കുറഞ്ഞു. 0.95% ത്തിന്‍റെ ഇടിവ്.
മൊബൈല്‍ സാന്ദ്രതയില്‍ കേരളം മൂന്നാമത്: രാജ്യത്തെ മൊബൈല്‍ സാന്ദ്രതയും കുറയുകയാണ്. ഓഗസ്റ്റില്‍ 82.85% ആയിരുന്ന സാന്ദ്രത സെപ്റ്റംബറില്‍ 82.07% ആയി. ടെലിഫോണ്‍ സാന്ദ്രതയില്‍ ദേശീയ ശരാശരി 84.69 ശതമാനമാണ്. അതായത് 100 പേരില്‍ 84 പേരും രാജ്യത്ത് ഫോണ്‍ ഉപോയഗിക്കുന്നു. ഫോണ്‍ സാന്ദ്രതയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 119.46 ശതമാനമാണ് കേരളത്തിലെ ഫോണ്‍ സാന്ദ്രത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
278.55 ശതമാനം ഫോണ്‍ സാന്ദ്രതയുള്ള ഡല്‍ഹിയാണ് പട്ടികയില്‍ മുന്നിലുള്ളത്. 119.90 ശതമാനം സാന്ദ്രതയുള്ള ഹിമാചല്‍ പ്രദേശാണ് രണ്ടാമത്. ബംഗാള്‍ രാജസ്ഥാന്‍,വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, ആസാം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവ ഫോണ്‍ സാന്ദ്രതയില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. 56.40 ശതമാനമുള്ള ബീഹാറും 66.26 ശതമാനമുള്ള ഉത്തര്‍പ്രദേശുമാണ് പട്ടികയില്‍ ഏറ്റവും താഴെയുളളത്.
മൊബൈല്‍ പോര്‍ട്ടിങ്ങ് ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള 1,33,00,000 ത്തില്‍പ്പരം അപേക്ഷകളാണ് സെപ്റ്റംബറില്‍ മാത്രം ലഭിച്ചത്. കേരളത്തില്‍ ഈ വര്‍ഷം ഓഗസ്‌റ്റില്‍ 2,46,30,000 ത്തിലേറെപ്പേര്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്‌തു. സെപ്റ്റംബറില്‍ പോര്‍ട്ടിങ്ങിന് രണ്ടര ലക്ഷം അപേക്ഷകള്‍ കൂടി ലഭിച്ചു. അതോടെ കേരളത്തിലെ ആകെ മൊബൈല്‍ ഉപഭോക്താക്കളില്‍ 2,48,80,000 ത്തിലധികം പേര്‍ പോര്‍ട്ടിങ്ങ് സൗകര്യം ഉപയോഗപ്പെടുത്തി. മൊബൈല്‍ പോര്‍ട്ടിങ്ങ് ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. പത്തു കോടിയിലേറെപ്പേര്‍ അവിടെ നമ്പര്‍ പോര്‍ട്ട് ചെയ്‌തു.