എറണാകുളം: പണാധിപത്യത്തിനും അധികാര രാഷ്ട്രീയത്തിനും അപ്പുറമാണ് നീതി പീഠമെന്ന് ഒരിക്കൽ കൂടി തെളിയുകയാണെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു. ടി പി ചന്ദ്രശേഖരൻ്റെ ക്രൂരമായ കൊലപാതകത്തിൽ ഒരു പരിധി വരെ ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ഇ ടി വി ഭാരതിനോട് സംസാരിക്കുകയായിരുന്നു എൻ. വേണു. വിചാരണ കോടതിയും ഹൈക്കോടതിയും അടിവരയിട്ട് പറഞ്ഞത് ടി പി വധം കേരളത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകമെന്നാണ്. രാഷ്ട്രീയ കൊലപാതകം നടത്തിയത് ആരെന്ന് വ്യക്തമാണ് അത് സി പി എം ആണ്.
കൊല നടത്തിയവർക്കൊന്നും ടി പി ചന്ദ്രശേഖരനോട് വ്യക്തിപരമായി എതിർപ്പുണ്ടായിരുന്നില്ല. കൊലപാതകത്തിൻ്റെ ബുദ്ധികേന്ദ്രം ആരായിരുന്നു എന്ന് കണ്ടെത്താനുള്ള അന്വേഷണം ഇനിയും തുടരണം.
പി മോഹനൻ സങ്കേതികമായ കാരണങ്ങളാൽ ഈ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
പി മോഹനൻ ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കാനുള്ള അപ്പീലുമായി മേൽക്കോടതിയെ സമീപിക്കും. ഈ കേസ് സി പി എം സംസ്ഥാന നേതൃത്വത്തിലേക്ക് അടുക്കുകയാണ്. കെ കെ കൃഷ്‌ണനെയും, ജ്യോതി ബാബുവിനെയും കോടതി ശിക്ഷിച്ചിരിക്കുകയാണ്.
പ്രതികൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഏറ്റവും പ്രമുഖരായ അഭിഭാഷകരാണ് ഹാജറായത്. എന്നാൽ ഞങ്ങൾക്ക് ഈ കേസിൽ വിചാരണ കോടതിയിൽ കേസ് നടത്തിയ അഭിഭാഷകരാണ് ഹാജറായത്. കൊലപാതകത്തിന് പിന്നിലെ ഗുഢാലോചന പുറത്ത് കൊണ്ടു വരുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി അറിയിച്ചു.
ഇനി മേലിൽ കേരള രാഷ്ട്രീയത്തിൽ ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തണം. ഇതിനു വേണ്ടിയുള്ള ഒരു വിധിയാണ് കോടതി നടത്തിയത്.
വിധി പകർപ്പ് ലഭിച്ച ശേഷമായിരിക്കും സുപ്രിം കോടതിയിൽ അപ്പീൽ നൽകുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ സുപ്രിം കോടതിയിൽ അപ്പീൽ നൽകുമെന്ന കാര്യം ഉറപ്പാണെന്നും എൻ. വേണു വ്യക്തമാക്കി.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യം. പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ഉറപ്പുവരുത്തുകയാണ്. ഇരുപത് വർഷത്തിന് ശേഷവും പ്രതികളെ വിട്ടയക്കാമെന്ന് കോടതി പറഞ്ഞിട്ടില്ല. ജീവിതകാലം മുഴുവൻ പ്രതികൾ ജയിലിൽ കഴിയേണ്ടി വരുന്നത് സമൂഹം കാണട്ടെയെന്നും എൻ വേണു പറഞ്ഞു.